ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള കോൺഗ്രസ് പാർട്ടിക്ക്24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നുമുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സിബൽ ഉൾപ്പെടെ 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിന് ഇപ്പോൾ ഒരു മുഴുവൻ സമയ നേതാവിനെയാണ് വേണ്ടതെന്ന് കപിൽ സിബൽ ആവർത്തിച്ചത്. ഗാന്ധി കുടുംബത്തെ ഉൾപ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവർത്തനങ്ങളിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകർത്ത സർക്കാറിനെതിരായ പോരാടാൻ കോൺഗ്രസ് നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിയെ രക്ഷപ്പെടുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. കോൺഗ്രസിനെ പുനർജീവിപ്പിക്കുന്നതിൽ ഞങ്ങൾക്കും പങ്കു ചേരേണ്ടതുണ്ട്. അത് പാർട്ടിയുടെ ഭരണഘടനയോടും കോൺഗ്രസിന്റെ പാരമ്പര്യത്തോടുമുള്ള ഞങ്ങളുടെ കടമയാണ്. ചരിത്രപരമായ തകർച്ചയിലാണ് നിലവിൽ കോൺഗ്രസ് ഉള്ളത്. 2014-ലേയും 2019-ലേയും തിരഞ്ഞെടുപ്പുകൾ അതാണ് പ്രതിഫലിപ്പിക്കുന്നത്. ഞാനുൾപ്പെടെയുള്ളവർ നൽകിയ കത്ത് പ്രവർത്തക സമിതിയിലെ അംഗങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ഞങ്ങളുടെ നിലപാടെന്ന് വ്യക്തമായേനെ, എന്നാൽ യോഗത്തിൽ പലരും ഞങ്ങളെ വഞ്ചകർ എന്നാണ് വിശേഷിപ്പിച്ചത്. കോൺഗ്രസിന്റെ ഭരണഘടനയെക്കുറിച്ചും അത് നൽകുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും എനിക്ക് ചിലത് അറിയാം നിലവിൽ അതൊന്നും പ്രാവർത്തികമാക്കിയിട്ടില്ല. അത് നടപ്പിലാക്കണമെന്നാണ് കത്തിൽ ഞങ്ങൾ മുന്നോട്ടുവെച്ച പ്രധാന കാര്യം. എന്നാൽ ഇക്കാരണത്താൽ ഞങ്ങൾ പലഭാഗത്ത് നിന്ന് ആക്രമിക്കപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് ഭയമില്ല. മനസ്സുകൊണ്ട് ഞങ്ങൾ കോൺഗ്രസുകാരനാണ്. അത് എക്കാലവും അങ്ങനെതന്നെ തുടരുകയും ചെയ്യും- കപിൽ സിബൽ പറഞ്ഞു.
Post a Comment