കോടതി അലക്ഷ്യകേസില്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴയിട്ടു

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കും സുപ്രീംകോടതിയ്ക്കും നേരേ വിമർശനമുന്നയിച്ചതിന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി. സെപ്റ്റംബർ 15ന് മുൻപ് പിഴയൊടുക്കണം. ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും മൂന്നു വർഷത്തേക്ക് അഭിഭാഷകവൃത്തി അനുഷ്ഠിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാപ്പു പറയണമെന്ന് ഭൂഷനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ് പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കാതെ താക്കീത് നൽകി വിട്ടയക്കണം എന്ന അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും ശിക്ഷ ഒരു രൂപ എന്ന പിഴയിൽ ഒതുക്കിയാണ് സുപ്രീംകോടതി വിധി. 

മാപ്പുപറയില്ല എന്ന പ്രശാന്ത് ഭൂഷണിന്‍റെ വിശദീകരണം കോടതി പരിശോധിക്കും മുമ്പേ മാധ്യമങ്ങൾക്ക് കിട്ടി. അതിലൂടെ വീണ്ടും കോടതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഭൂഷണ്‍ ശ്രമിച്ചതെന്ന് വിധിയിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചില ജഡ്ജിമാര്‍ മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത് അപ്രസക്തമാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കണം. ജഡ്ജിമാര‍്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കാൻ സുപ്രീംകോടതിയിൽ ആഭ്യന്തര സംവിധാനമുണ്ട്.  പൊതുവേദിയിൽ ഉന്നയിച്ച് കോടതിയെ ആകെ സംശയത്തിന്‍റെ നിഴലിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കി. 

Post a Comment

Previous Post Next Post