വീട്ടു നമ്പർ ഇല്ലാത്തവർക്കും വീട് ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ സർക്കാർ തീരുമാനിച്ചു. റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷ നൽകാം. അക്ഷയ സെന്റർ വഴി അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം കാർഡ് നൽകണമെന്നാണു തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് 88.42 ലക്ഷം കാർഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാർഡുകൾ ഈ സർക്കാർ പുതിയതായി വിതരണം ചെയ്തു. മാവേലി ഉൽപന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും.
മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്.
മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പാക്കും. സപ്ലൈകോ വിൽപനശാലകളിൽ നിന്നു വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും. സപ്ലൈകോ കൂടുതൽ മരുന്നു വിൽപനശാലകൾ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്കു പ്രത്യേക വിൽപന ശാലകൾ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.
ഇനി ബഹുനില കെട്ടിടമാകാൻ അഞ്ചു നില വേണം
തിരുവനന്തപുരം ∙ അഞ്ചു നിലയുള്ള കെട്ടിടങ്ങളെയാകും ഇനി ബഹുനില കെട്ടിടങ്ങളായി (ഹൈറൈസ് ബിൽഡിങ്) കണക്കാക്കുക എന്നു കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി. നിലവിൽ ഇതു നാലു നിലയാണ്.
കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിലാണ് ഇത് ഉൾപ്പെടുന്നത്. മൾട്ടിലെവൽ മെക്കാനിക്കൽ പാർക്കിങ് സംവിധാനം സ്ഥാപിക്കുന്നതിന് ഇനി പെർമിറ്റ് ആവശ്യമില്ല. എന്നാൽ, നാലുവശത്തും നിയമപ്രകാരം നിശ്ചിത സ്ഥലം ഒഴിച്ചിടണം. അംഗീകരിച്ച പ്ലാൻ പ്രകാരം നിർമാണം പൂർത്തിയാക്കിയ ശേഷം റോഡിനു വീതി കൂടിയാൽ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള തടസ്സങ്ങളും ഒഴിവാക്കും.
5 സെന്റിൽ കുറവായ ഭൂമിയിൽ നിർമിക്കുന്ന വീടുകൾക്കും 3229.17 ചതുരശ്ര അടി (300 ചതുരശ്ര മീറ്റർ) വരെയുള്ള വീടുകൾക്കും മഴവെള്ള സംഭരണി നിർബന്ധമല്ല എന്ന ഭേദഗതി വരുന്നതോടെ സംസ്ഥാനത്തു ഭൂരിഭാഗം വീടുകളും ഇതു വേണ്ടി വരില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടവും 2011 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടവും ഭേദഗതി ചെയ്ത് കഴിഞ്ഞ നവംബർ 8നു സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. പരാതികളെ തുടർന്നാണു ഭേദഗതികൾ വേണ്ടി വന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Post a Comment