കൊച്ചി:
വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി മോഷണം നടത്തുന്ന കുട്ടമങ്കലം നെല്ലിമറ്റം മാങ്കുഴി കുന്നേൽ ബിജു (ആസിഡ് ബിജു 45), പിടിയിലായി. ഇയാൾ മോഷ്ടിക്കുന്ന വസ്തുക്കൾ വിൽക്കുന്ന പല്ലാരിമംഗലം പറമ്പറക്കാട്ടിൽ ഗോപി (50), തൃശൂർ പുറന്നാട്ടുകര പറമ്പിക്കാട്ടിൽ ശശികുമാർ (62) എന്നിവരെയും പോത്താനിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എസ്.പി.: കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കോതമംഗലം,കുറുപ്പംപടി, കുന്നത്തുനാട് എന്നീ സ്റ്റേഷൻ അതിർത്തികളിലെ വിവിധ വീടുകളിൽ ബിജു മോഷണം നടത്തിയിട്ടുണ്ട്. പിടിയിലായവരിൽനിന്ന് മോഷണമുതലായ 27 പവനോളം സ്വർണ്ണം കണ്ടെടുത്തു.
മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കഴിഞ്ഞ ജൂലൈ 12നാണ് ബിജു
പുറത്തിറങ്ങുന്നത്. ബിജുവിന് എതിരെ അമ്പതോളം കേസുകൾ നിലവിലുണ്ട്. മോഷണം നടത്താൻ അകത്തു കയറുന്ന ബിജു, ഉറങ്ങിക്കിടക്കുന്നവർ ഗാഢനിദ്രയിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം നടത്തുന്നത്. അറസ്റ്റിലായ ഗോപിയും നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കറുകുറ്റി കോവിഡ് സെന്ററിലേക്ക് അയച്ചു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, എസ്.എച്ച്.ഒ. നോബിൾ മാനുവൽ, എസ്.ഐമാരായ രാജേഷ് ,ബേബി ജോസഫ്, അഷറഫ്, എസ്.സി.പി.ഒ മാരായ അജീഷ്, ബിജു ജോൺ, തൽഹത്ത്, റിതേഷ്, രാഹുൽ, ഷിയാസ് അമിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment