ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ ഭീകരാവസ്ഥയില്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 കൊവിഡ് കേസും 1209 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ കൊവിഡ് കേസ് 45 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 45,62,415 കേസും 76,271 കൊവിഡ് മരണവുമാണ് രാജ്യത്തുണ്ടായത്. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.
ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 23446 കേസും 495 കൊവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആന്ധ്രയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കേസുകളും മരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുകയാണ്.5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐ സി എംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11, 63,542 പരിശോധനകളും നടത്തി.
അതിനിടെ ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം കൊവിഡ് രോഗികളുണ്ടായിരിക്കാമെന്ന് ഐ സി എം ആര്‍ അറിയിച്ചു. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സര്‍വേയില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 28000 പേരിലാണ് സര്‍വേ നടത്തിയത്.
മേയ് 11 മുതല്‍ ജൂണ്‍ നാല് വരെയായിരുന്നു സര്‍വേ. 18-45 നും പ്രായമായ 43.3 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്നാണ് സിറോ സര്‍വേയില്‍ പറയുന്നു.
46നും 60 നും ഇടയില്‍ പ്രായമുള്ള 39.5 ശതമാനം പേര്‍ക്കും രോഗം ബാധിച്ചു. 64,68,388 പേര്‍ക്ക് മേയ് മാസത്തില്‍ രോഗം ബാധിച്ചുവെന്നാണ് സിറോ സര്‍വേ പറയുന്നത്.
Post a Comment