ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും



കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും. ഇടതുമുന്നണി പ്രവേശനത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഡിഎഫ് അവസാനിപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.

മുന്നണിയുടെ ഭാഗമാവുമ്പോൾ കേരള കോൺഗ്രസിന്റെ പരമ്പരാഗത സീറ്റ് ഉറപ്പിക്കുന്നതിനെക്കുറിച്ചാണ് ഇനി മുന്നണി നേതൃത്വവുമായി ചര്‍ച്ചനടക്കുക. എന്നാൽ യുഡിഎഫ് പിന്തുണയിൽ നേടിയ രാജ്യസഭാസീറ്റ് ജോസ് കെ മാണി രാജിവെച്ചേക്കുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്. 

അതേസമയം മുന്നണി പ്രവേശം ഉള്‍പ്പടെ ചർച്ച ചെയ്യാൻ ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്ന് ചേരും. മുന്നണിപ്രവേശനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ജോസ് കെ മാണിയെ യോഗം ചുമതലപ്പെടുത്താനാണ് സാധ്യത. ഇതിന് ശേഷം പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി ബുധനാഴ്ച സ്പീക്കറെ കാണുമെന്നും സൂചനകളുണ്ട്. 

പാലാ സീറ്റിന് പകരം ജോസ്.കെ മാണി ഒഴിയുന്ന രാജ്യസഭാസീറ്റ് നല്‍കി എന്‍സിപിയെ അനുനയിപ്പിക്കാനാണ് ഇടതുമുന്നണി നീക്കം. ജോസ് കെ മാണിയോടുള്ള സിപിഐ നിലപാടിലും അയവ് വന്നിട്ടുണ്ട്. സിപിഐ മത്സരിക്കുന്നുന് കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇനി ധാരണയാവണം. ഇടതുമുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.


Post a Comment

Previous Post Next Post