മഅ്ദനി :ഭരണകൂട ഇടപെടല്‍ ആവശ്യപ്പെട്ട് പി.ഡി.പി.നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.

പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഭരണകൂട ഇടപെടല്‍ ആവശ്യപ്പെട്ട്കൊണ്ട് സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ഔദ്യോഗിക വസതിക്ക് മുന്നില്‍ പി.ഡി.പി.സംസ്ഥാന നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 
മഅ്ദനിയുടെ ഇരു വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായ നിലയിലും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ജി.എഫ്.ആര്‍. അപകടകരമായ നിലയില്‍ കുറയുകയും ചെയ്ത അവസ്ഥ നിലനില്‍ക്കുകയാണ്. 
അടിയന്തിരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മതിയായ സുരക്ഷയോടെ ചികിത്സ ലഭ്യമാക്കാനും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനും കഴിയുന്ന സാഹചര്യം ലഭ്യമായിട്ടില്ല. വിചാരണ ഒച്ചിഴയുന്ന വേഗതയില്‍ നടക്കുന്നതിനാല്‍ കോടതിയില്‍ നിന്ന് പോലും ചികിത്സക്ക് വേണ്ടുന്ന ഇളവുകള്‍ ലഭ്യമാകുന്നില്ല. അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ മഅ്ദനിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിദഗ്ദ പരിശോധനക്കായി ബാംഗ്ളൂര്‍ ആസ്റ്റര്‍  സി.എം.ഐ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും കണ്ട് മഅ്ദനിയുടെ ആരോഗ്യകാര്യത്തിലെ ആശങ്ക പി.ഡി.പി.നേതാക്കള്‍ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ ഈ  സമയം വരേയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പി.ഡി.പി.നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 
ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിപക്ഷത്തിനും വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വലിയ പങ്ക് വഹിക്കാനാകും. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും സര്‍വ്വ കാര്യങ്ങളിലും ഇടപെടുന്ന പ്രതിപക്ഷം മഅ്ദനി വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്. പ്രതിപക്ഷത്തിന്റെ ഈ മൗനം ജനാധിപത്യത്തിന് ഭൂഷണമല്ല. മലയാളിയായ ഒരു പൊതുപ്രവര്‍ത്തകന്‍ അന്യസംസ്ഥാനത്ത് ജീവന്‍ അപകടാവസ്ഥയിലായി കഴിയുന്പോഴും ഇടപെടാന്‍ മടിക്കുന്ന അധികാര -രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് ഭരണപ്രതിപക്ഷങ്ങളുടെ നേതൃപ്രതിനിധികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും ഔദ്യോഗിക വസതികള്‍ സമരകേന്ദ്രമായി പി.ഡി.പി. തെരഞ്ഞെടുത്തത്. മഅ്ദനിക്ക് നീതിലഭിക്കാനും മതിയായ ചികിത്സ ലഭ്യമാക്കാനും വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്ന് പി.ഡി.പി.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
പി.ഡി.പി.സംസ്ഥാന വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് , ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര ,മൈലക്കാട് ഷാ, അഡ്വ.കാഞ്ഞിരമറ്റം  സിറാജ് , ജില്ല സെക്രട്ടറി സഫര്‍ മണക്കാട്  തുങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post