തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസംകൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ വ്യാപകമായി ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടൽ അങ്ങേയറ്റം പ്രക്ഷുബ്‌ധമായതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ തിരമാലകൾ രണ്ടു മുതൽ 2.7 മീറ്റർ വരെ ഉയരാം. ഇവിടങ്ങളിൽ കടലാക്രമണ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും മുന്നറിയിപ്പു നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അറബിക്കടലിലുണ്ടായ ന്യൂനമർദമാണ് കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകാൻ കാരണം. ന്യൂനമർദം കർണാടക തീരത്തേക്കു നീങ്ങിയിട്ടുണ്ട്. അതിനാൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യുമെന്നു കരുതുന്നു. ന്യൂനമർദ്ദം ചൊവ്വാഴ്ചയോടെ ദുർബലമാകുമെന്നാണ് പ്രതീക്ഷ. തുടർന്നുള്ള ദിവസങ്ങളിൽ പടിഞ്ഞാറൻകാറ്റ് കൂടുതൽ ശക്തമാകും. ഇത് മഴ ശക്തമായി തുടരുന്നതിന് അനുകൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു. ഈ മാസം 17 വരെയുള്ള ആഴ്ചകളിൽ കേരളത്തിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
Post a Comment