കമ്യൂണിസ്റ്റ് ചൈനയില്‍ ആയിരക്കണക്കിന് മസ്ജിദുകള്‍ പൊളിച്ചു കളഞ്ഞു ; മുസ്ലീങ്ങളെ കരുതല്‍ തടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: 
ചൈനയില്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ആയിരക്കണക്കിന് മസ്ജിദുകള്‍ ചൈനീസ് അധികൃതര്‍ പൊളിച്ചു കളഞ്ഞതായി ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്ക് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള ക്യാമ്പുകളില്‍ പത്ത് ലക്ഷത്തിലധികം ഉയിഗുറുകളേയും ടര്‍ക്കിഷ് സംസാരിക്കുന്ന മുസ്ലീം വംശജരേയും തടവില്‍ പാര്‍പ്പിച്ചിട്ടുള്ളതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ പിന്തുടര്‍ന്നു പോരുന്ന പരമ്പരാഗതവും മതപരവുമായ ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ ക്യാമ്പിലെ ജീവനക്കാര്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പൊളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16,000ത്തിലധികം മസ്ജിദുകള്‍ പൂര്‍ണമായും തകര്‍ക്കുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഭൂരിഭാഗം മസ്ജിദുകളും നശിപ്പിച്ചിരിക്കുന്നത്. 8500 മസ്ജിദുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറുംഖി, കഷ്ഗര്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.
പൂര്‍ണമായും നശിപ്പിക്കപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട മസ്ജിദുകളുടെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം 15,500നടുത്ത് മസ്ജിദുകളാണ് കേടുപാടുകള്‍ സംഭവിച്ച നിലയിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. സിന്‍ജിയാങിലെ പ്രധാന ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടതായാണ് തിങ്ക് ടാങ്ക് പറയുന്നത്. ഇവിടുത്തെ ആരാധനാലയങ്ങള്‍ക്ക് പുറമെ ശ്മശാനങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് ഇവിടേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയും ചൈനീസ് അധികൃതര്‍ നശിപ്പിച്ചിട്ടുണ്ട്.

സിന്‍ജിയാങിന്‍ മാത്രം 24,000ത്തോളം പള്ളികളുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പല മുസ്ലീം രാജ്യങ്ങളില്‍ ഉള്ളതിനെക്കാളും ഉയര്‍ന്ന സംഖ്യയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് പ്രദേശത്തെ തടങ്കല്‍ കേന്ദ്രങ്ങളുടേയും എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായി തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ ക്യാമ്പുകള്‍ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളാണെന്നും, ഇത്തരം ക്യാമ്പുകള്‍ ദാരിദ്ര്യത്തെയും തീവ്രവാദത്തെയും നേരിടാന്‍ അത്യാവശ്യമാണെന്നുമാണ് ചൈനീസ് വാദം.അതേസമയം സിന്‍ജിയാങിന്‍ നശിപ്പിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികളെകുറിച്ചും, ബുദ്ധ ക്ഷേത്രങ്ങളെക്കുറിച്ചും തിങ്ക് ടാങ്ക് പഠനം നടത്തിയിട്ടില്ലെന്നും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post