സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായി നേരിടും - മുഖ്യമന്ത്രി

തിരുവനന്തപുരം: 
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ചില വ്യക്തികളും സംഘടനകളും നടത്തുന്ന ശ്രമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെ ദേശീയപാതയിൽ കാർ കുറുകെയിട്ട് തടയാൻ ശ്രമിച്ചത് അത്തരത്തിൽ ഒന്നാണ്. മന്ത്രി ഔദ്യോഗിക വാഹനത്തിൽ യാത്രചെയ്യവെ കൊല്ലം പാരിപ്പള്ളിയിൽവച്ചാണ് വാഹനം തടയാൻ ശ്രമിച്ചത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ ഒരു കാർ ദേശീയപാതയ്ക്ക് കുറുകെ കയറ്റിയിട്ടു. ഇതുകണ്ട് മന്ത്രിയുടെ വാഹനത്തിന്റെ വേഗം കുറച്ചതോടെ യുമോർച്ച പ്രവർത്തകർ ചാടിവീണു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സമരം പലതരത്തിൽ നടത്താം.
Read more
 എന്നാൽ ദേശീയ പാതയ്ക്ക് കുറുകെ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് സമരമല്ല. പാരിപ്പള്ളിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം ജില്ലയിൽനിന്നുതന്നെ മറ്റൊരു അനുഭവമുണ്ട്. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ തുടർച്ചയായ തുടർച്ചയായി അതിക്രമങ്ങൾ നടത്തുന്നു. സമരമല്ല, ഒരു പ്രത്യേക തരത്തിലുള്ള ആഭാസമാണ് നടത്തുന്നത്. എംഎൽഎയ്ക്കുനേരെ മുണ്ടുപൊക്കി കാണിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപ്പോകാൻ കാറിൽ കയറിയ എംഎൽഎയുടെ വാഹനം തടഞ്ഞു. നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഷ്ട്രീയം പറഞ്ഞുവെന്നതാണ് കോവൂർ കുഞ്ഞുമോൻ ചെയ്ത കുറ്റം. കോൺഗ്രസ് - ബിജെപി ബന്ധത്തെപ്പറ്റി നിയമസഭയിൽ പറഞ്ഞതിന്റെ പേരിലാണ് എംഎൽഎയ്ക്കെതിരായ ആക്രമണം. ഇത് എത്തരം ജനാധിപത്യ രീതിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത്തരം തെറ്റായ രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജാഗ്രത പുലർത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കർശന നിയമ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

Previous Post Next Post