കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി.ജലീലിനെ കൈവിടില്ലെന്ന് മുഖ്യമന്ത്രി സൂചന നല്‍കിയതോടെ സമരങ്ങള്‍ കടുപ്പിക്കാന്‍ പ്രതിപക്ഷവും ബിജെപിയും. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന ആക്ഷേപത്തിലൂന്നിയാവും പ്രതിപക്ഷത്തിന്റെ തുടര്‍ സമരങ്ങള്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ച സാഹചര്യം ജലീല്‍ മുഖ്യമന്ത്രിയേയും സിപിഎം ഇടതുമുന്നണി നേതൃത്വങ്ങളെയും ഇന്നലെ വൈകിട്ട് അറിയിച്ചു.
READ MORE
ഇഡിക്ക് പിന്നാലെ ഇനി ഏതു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്താലും ജലീലിനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയും ജലീല്‍ നിരപരാധിയെന്ന് പറഞ്ഞതോടെ പ്രതിപക്ഷ സമരങ്ങള്‍ ഗൗനിക്കില്ലെന്ന സന്ദേശമാണ് ഇടതുമുന്നണി നല്‍കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ജലീല്‍ ധരിപ്പിച്ചിരുന്നു.
ജലീലിന്റെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് സംശയങ്ങളില്ല. ആരോപണം ഉയര്‍ന്നാല്‍ മന്ത്രിമാര്‍ രാജിവച്ച് മാറുന്നത് ഉചിതമല്ലെന്നാണ് ഈ മന്ത്രിസഭയിലെ മുന്‍ രാജികള്‍ പഠിപ്പിച്ചതെന്നാണ് സിപിഎം കാഴ്ചപ്പാട്. എന്നാല്‍ ജലീല്‍ രാജി വയ്ക്കും വരെ സമരമെന്ന പ്രഖ്യാപനത്തില്‍ നിന്നും പ്രതിപക്ഷ സംഘടനകള്‍ പിന്നോട്ടില്ല. ഇതോടെ സമരമുഖം കൂടുതല്‍ തീവ്രമാകുമെന്നുറപ്പായി. ജലീലിനെ വഴിയില്‍ തടയുന്ന സമരരീതി തുടരും. സമരത്തിന്റെ ശൈലി മാറ്റുന്നതും പ്രതിപക്ഷത്തിന്റെ ആലോചനയിലുണ്ട്.
അതിനിടെ വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഎം ജലീലിനെതിരെ ഉയരുന്ന ആക്ഷേപങ്ങളുടെ വസ്തുത മുന്നണിയെ അറിയിക്കും. സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗിൽ അല്ലെന്ന വി.മുരളീധരന്റെ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ തന്നെ തള്ളിയത് രാഷ്ട്രീയ ആയുധമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം
Post a Comment