മരുന്നില്ലാത്ത കൊറോണക്ക്10 ദിവസം ചികിത്സയ്ക്ക് ബിൽ 3 ലക്ഷം രൂപ; മരുന്നിനു മാത്രം 1.25 ലക്ഷം! സംഭവം ആരോഗ്യ കേരളത്തിൽ

തൃശൂർ:
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ വൻ തുക ഈടാക്കുന്നതായി വ്യാപക പരാതി. ഡോക്ടർമാരും നഴ്സുമാരും ധരിക്കുന്ന പിപിഇ കിറ്റുകളുടെ വില വരെ എല്ലാ രോഗികളിൽ നിന്നുമായി ഈടാക്കുകയാണത്രെ. 10 ദിവസം ആശുപത്രിയിൽ കിടന്നതിന് 3,07 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രി, ഡിഎംഒ ഓഫിസ്, ആർഎംഒ, കലക്ടർ എന്നിവർക്കു പരാതി നൽകി.

ഒല്ലൂക്കര കാളത്തോട് കൃഷ്ണാപുരം സ്വദേശി പടിഞ്ഞാക്കര ഹാരിസ് രാജ് ആണു മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി നൽകിയത്. 73 വയസ്സുള്ള ഉമ്മയെ ശ്വാസംമുട്ടലിനെത്തുടർന്ന് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റിവ് ആണെന്നു കണ്ടു. വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നു ഡോക്ടർമാർ പറഞ്ഞു. വീട്ടിൽ പോയശേഷം ശ്വാസം മുട്ട് കൂടുതലായപ്പോൾ ജില്ലാ ആശുപത്രിയിൽ ബന്ധപ്പെട്ടെന്നും കോവിഡ് വാർഡുകൾ നിറഞ്ഞതിനാൽ സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ നിർദേശം ലഭിച്ചെന്നും ഹാരിസ് പറയുന്നു. ഇതനുസരിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10 ദിവസത്തിനുശേഷം കോവിഡ് മാറി ഡിസ്ചാർജ് ചെയ്തു. ശ്വാസം മുട്ടൽ ആദ്യ ദിവസങ്ങളിൽത്തന്നെ മാറിയെങ്കിലും കോവിഡ് നെഗറ്റീവ് ആകുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നു ഡോക്ടർമാർ ആവശ്യപ്പെട്ടതിനാലാണ് ഇത്രയും ദിവസം കിടന്നതെന്നു പറയുന്നു. പണം കടം വാങ്ങിയാണ് അടച്ചത്.
കോവിഡിനു മരുന്നു കണ്ടുപിടിച്ചിട്ടില്ലെങ്കിലും രോഗിക്കു മരുന്നു നൽകിയതിനു ബില്ലിൽ കാണിച്ചിട്ടുള്ളത് ഒന്നേകാൽ ലക്ഷം രൂപയാണ്. ഇതിനു പുറമേ കോവിഡ് 19 പ്രത്യേക ചികിത്സ എന്ന പേരിൽ 53,370 രൂപയും ബില്ലിലുണ്ട്. മുറി വൃത്തിയാക്കിയതിനു മാത്രം 6600 രൂപ.

Post a Comment

Previous Post Next Post