ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ അടക്കമുള്ളവരുടെ ഹോട്ടൽ ക്വാറന്റൈൻ നിബന്ധന ഡിസംബർ 31 വരെ നീട്ടി. ഡിസ്‌കവർ ഖത്തർ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 31 വരെ ക്വാറന്റൈൻ ഹോട്ടലുകൾ ബുക്ക് ചെയ്യാമെന്നും ഡിസ്‌കവർ ഖത്തർ അറിയിച്ചു.
നേരത്തെഒക്ടോബർ 31 വരെയായിരുന്നു ക്വാറന്റൈൻ നിബന്ധനകൾ നീട്ടിയിരുന്നത്. ഖത്തറിലേക്ക് മടങ്ങി വരാൻ തയാറെടുക്കുന്ന പ്രവാസികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എൻട്രി പെർമിറ്റ് ലഭിച്ച ശേഷം മാത്രമേ ക്വാറന്റൈനിൽ കഴിയാനുള്ള ഹോട്ടൽ ബുക്ക് ചെയ്യാൻ പാടുള്ളൂവെന്ന് ഡിസ്‌കവർ ഖത്തർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തറിലേക്ക് വന്നാൽ നിലവിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.
പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ-എൻട്രി പെർമിറ്റ് നേടിയ ശേഷം ദോഹയിലെത്തി ഏഴു ദിവസം സ്വന്തം ചെലവിൽ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് വ്യവസ്ഥ. ഈ ഹോട്ടൽ ബുക്കിംഗ് ഡിസ്‌കവർ വെബ്സൈറ്റ് വഴി മാത്രമേ പാടുള്ളു.
ത്രീ സ്റ്റാർ ഹോട്ടലിൽ ഒരാൾക്ക് 1,950 റിയാൽ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ 6,168 റിയാൽ വരെയാണ് ക്വാറന്റൈൻ പാക്കേജ് നിരക്ക്. ഒരു വ്യക്തിക്ക് ഏഴ് ദിവസത്തെ താമസവും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയും മൂന്ന് നേരത്തെ ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു. 30ലധികം ഹോട്ടലുകൾ ഡിസംബറിൽ ലഭ്യമാണ്.
Post a Comment