നാല് വർഷത്തിനുള്ളിൽ മുഴുവൻ ഗ്രാമീണകുടുംബങ്ങൾക്കും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് ജലജീവൻ മിഷന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാന പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലെ 67,15,000 വീടുകളിൽ 40 ശതമാനവും കുടിവെള്ളത്തിന് കിണറിനെ ആശ്രയിക്കുന്നു. 26 ശതമാനത്തിനാണ് പെപ്പ്വെള്ളം ലഭിക്കുന്നത്. വേനൽക്കാലത്തെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ വർഷം മുഴുവൻ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കും.
ആദ്യഘട്ടത്തിൽ 21.42 ലക്ഷം കണക്ഷൻ. 716 പഞ്ചായത്തിലായി 4343 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. 564 എണ്ണം ആദ്യം നടപ്പാക്കും. 16,48,000 കണക്ഷൻ നൽകാനുള്ള പ്രവർത്തനം ഉടൻ തുടങ്ങും. എസ്സി, എസ്ടി വിഭാഗത്തിന് മുൻതൂക്കമുള്ള പഞ്ചായത്തുകളെ ആദ്യ ഘട്ടത്തിൽപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 586 വില്ലേജ്, 380 പഞ്ചായത്ത്, 23 ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവൻ വീടിനും കണക്ഷൻ. പദ്ധതി പുരോഗതി വെബ്സൈറ്റിലൂടെ അറിയാനാകും. പഞ്ചായത്തുമുതൽ സംസ്ഥാനതലംവരെ സമിതി രൂപീകരിച്ചാണ് കേന്ദ്രസഹായംകൂടി പ്രയോജനപ്പെടുത്തിയുള്ള പദ്ധതിയുടെ നിർവഹണം.
കിഫ്ബിയിൽ 69 കുടിവെള്ള പദ്ധതി
കിഫ്ബിവഴി 4351 കോടിയുടെ 69 കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. പാലക്കാട്ടെ അന്തർസംസ്ഥാന നദീജല ഹബ്ബ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഉടൻ പൂർത്തീകരിക്കും. 239.74 കോടിയുടെ കടൽത്തീര സംരക്ഷണ പദ്ധതിക്ക് തുടക്കമായി. അണക്കെട്ടുകളുടെ പുനരുദ്ധാരണത്തിന് 360 കോടിയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കും. 100 ദിന കർമപരിപാടിയുടെ ഭാഗമാണ് ജലജീവൻമിഷനും. ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റാൻ കോവിഡ് തടസ്സമാകരുതെന്ന കാഴ്ചപ്പാടോടെയാണ് വാഗ്ദാനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment