പട്ടികയിൽ ഒന്നാമതെത്താൻ മുംബൈ; സ്ഥാനം നിലനിർത്താൻ ഡൽഹി ; ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം IPL


അബുദബി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് ഡല്‍ഹിയും കാഴ്ചവെക്കുന്നത്.

സീസണിൽ ഒരു തോൽവി മാത്രമാണ് ഡൽഹി ഇതുവരെ വഴങ്ങിയിരിക്കുന്നത്. ആറുകളികളിൽ അഞ്ച് ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാമതാണ് ശ്രേയസിന്റെ നേതൃത്വത്തിലുള്ള യുവനിര. മറുവശത്ത് മുംബൈ ആകട്ടെ ആറ് കളികളിൽ നിന്ന് നാല് ജയവുമായി പട്ടികയിൽ ഒന്നാമതാണ്. മികച്ച നെറ്റ് റൺറേറ്റുള്ള മുംബൈ ഇന്ന് ജയിച്ചാൽ 10 പോയിന്റുമായി ഒന്നാമതെത്തും.

ബാറ്റിങ്ങിൽ നായകൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സ്റ്റോയിനിസ് എന്നിവർ മികച്ച ഫോമിലുള്ളതാണ് ഡൽഹിയുടെ കരുത്ത്. ഒപ്പം ഋഷഭ് പന്ത്, ഹെറ്റ്മയർ തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനവും പുറത്തെടുക്കുന്നുണ്ട്. ബൌളിംഗിൽ മികച്ച ഫോമിലുള്ള അശ്വിനിലും റബാദയിലുമാണ് ഡൽഹിയുടെ പ്രതീക്ഷകൾ. അക്സർ പട്ടേലും സ്റ്റോയിനിസും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.

നായകൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾ മികച്ച ഫോം പുറത്തെടുക്കുന്നതാണ് മുംബൈയുടെ കരുത്ത്. രോഹിത്തിന് പുറമെ ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ എന്നിവരും മികച്ച ഫോമിൽ തന്നെയാണ്. ഒപ്പം അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരും ചേരുന്നതോടെ മുംബൈ ബാറ്റിംഗ് ശക്തമാണ്. മുംബൈയുടെ വജ്രായുധം ജസ്പ്രീത് ബൂമ്ര ഫോമിലേക്ക് തിരിച്ചെത്തിയത് രോഹിത്തിനും സംഘത്തിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ട്രെൻഡ് ബോൾട്ടും ജെയിംസ് പാറ്റിൻസണും രാഹുൽ ചഹറും വിക്കറ്റു വേട്ടക്കാരുടെ പട്ടികയിൽ മുൻപിലുണ്ട്.

ഓറഞ്ച് ക്യാപ്പിനുള്ള മത്സരം സജീവമാക്കാനും ഇന്നത്തെ മത്സരം താരങ്ങൾ വിനിയോഗിക്കുമെന്നുറപ്പ്. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. 30 റൺസിലധികം നേടിയാൽ ഡൂപ്ലസിയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തെത്താം രോഹിത്തിന്. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 211 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. തൊട്ട് പിന്നിൽ 6 മത്സരങ്ങളിൽ നിന്നും 203 റൺസുമായി പതിനൊന്നാം സ്ഥാനത്ത് ഡൽഹി നായകൻ ശ്രേയസ് അയ്യരുമുണ്ട്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുമായി റബാദയാണ് ഒന്നാമത് തൊട്ടുപിന്നിലായ് ബൂമ്രയും ബോൾട്ടും പാറ്റിൻസണുമുണ്ട്. ബൂമ്രയ്ക്ക് 11 വിക്കറ്റും ബോൾട്ടിന് 10 വിക്കറ്റും പാറ്റിൻസണ് 9 വിക്കറ്റുമാണ് ഈ സീസണിൽ ഇതുവരെ ലഭിച്ചത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയിള്ള ശക്തരുടെ പോരാട്ടത്തിൽ പൊടിപാറുമെന്ന് ഉറപ്പാണ്.


Post a Comment

Previous Post Next Post