ജില്ലകളിലെ നിരോധനാജ്ഞ കാലാവധി ഇന്ന് അവസാനിക്കും; അഞ്ച് ജില്ലകളില്‍ കാലാവധി നീട്ടി

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ചില ജില്ലകളിൽ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,വയനാട്, മലപ്പുറം ജില്ലകളാണ് നിരോധനാജ്ഞ നീട്ടിയത്. നവംബർ 15 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഇന്ന് തീരുമാനമെടുക്കുമെന്നു കളക്ടര്‍ അറിയിച്ചു.
നേരത്തെ ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയ കാര്യം തൃശ്ശൂര്‍ കളക്ടര്‍ അറിയിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ കൊവിഡ്-19 വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലകളക്ടര്‍ ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാം. ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.

Post a Comment

Previous Post Next Post