അനില്‍ കപൂര്‍ നായകനായി 2001ല്‍ പുറത്തിറങ്ങിയ ‘നായക്’ എന്ന ബോളിവുഡ് ചിത്രം നമ്മളില്‍ പലരും അത്ര പെട്ടന്ന് മറന്നിട്ടുണ്ടാകില്ല. ഒരു ദിവസം മുഖ്യമന്ത്രിയായി സംസ്ഥാനം നയിക്കാന്‍ അവസരം കിട്ടിയ നായകന്റെ കഥയായിരുന്നു അത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അഭിനയിച്ച അമരീഷ് പുരി തന്റെ അധികാര സ്ഥാനം 24 മണിക്കൂര്‍ നേരത്തേക്ക് അനില്‍ കപൂറിന് സ്വമേധയാ വിട്ടു കൊടുക്കുന്നതും, ഇത് മുംബൈ നഗരത്തില്‍ വളരെ വേഗം ചില നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
അത്തരം ഒരു സാഹചര്യം യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചാലോ? ഒരിക്കലുമില്ല എന്ന ഉത്തരം പറയാന്‍ വരട്ടെ. സംഭവം അങ്ങ് ഫിന്‍ലന്‍ഡിലാണ്. ഒരു ദിവസത്തേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാനുള്ള സുവര്‍ണ അവസരമാണ് ആവ മുര്‍തോ എന്ന പെണ്‍കുട്ടിക്ക് ലഭിച്ചത്. വെറും പതിനാറ് വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ആവ മുര്‍തോ. കാലാവസ്ഥ വ്യതിയാനവും, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം സജീവ പ്രവര്‍ത്തകയാണ് ആവ.
രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രചാരണത്തിന്റെ ഭാഗമായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്‍ തന്നെയാണ് ആവയ്ക്ക് ഈ പദവി കൈമാറിയത്. ഏറെ ആവേശകരമായ ദിനമെന്നാണ് പാര്‍ലമെന്റില്‍ വച്ച് മാദ്ധ്യമങ്ങളോട് ആവ പ്രതികരിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എംപിമാരുമായും മന്ത്രിമാരുമായും ആവ കൂടിക്കാഴ്ച നടത്തിയിരുന്നു. പെണ്‍കുട്ടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവരാണെന്നും, ആണ്‍കുട്ടികളെ പോലെ തന്നെ സാങ്കേതികരംഗത്ത് പെണ്‍കുട്ടികളും ഏറെ മികവ് പുലര്‍ത്തുന്നവരാണെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ടെന്ന് ആവ പറയുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷണലിന്റെ ‘ഗേള്‍സ് ടേക്ക് ഓവര്‍’ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ആവയ്ക്ക് ഈ അവസരം ലഭിച്ചത്. സാങ്കേതിക മേഖലകളില്‍ പെണ്‍കുട്ടികളുടെ കഴിവുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സംഘടനയാണിത്
Post a Comment