പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; കേന്ദ്രത്തിന് നിവേദനം നൽകും

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ഏകോപനസമിതി അംഗങ്ങളും നിയമജ്ഞരും പങ്കെടുത്ത സംയുക്ത യോഗത്തിന് ശേഷം ആണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.

ഇതുമായി ബന്ധപെട്ട് കേന്ദ്ര സർക്കാരിന് നിവേദനവും നൽകും. പെൺകുട്ടികളുടെ വിവാഹപ്രായം കേന്ദ്ര സർക്കാർ ഉയർത്തിയത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നത് സാംസ്കാരിക മൂല്യച്യുതിക്ക് കാരണമാകുമെന്നും സമസ്തയോഗം വിലയിരുത്തി.

പെൺകുട്ടികളുടെ ശാരീരിക മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാകും പുതിയ തീരുമാനം എന്ന് ആണ് സമസ്തയുടെ അഭിപ്രായം. വികസിത രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണ് എന്നിരിക്കെ ഇന്ത്യൻ വിവാഹപ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നും യോഗം വിലയിരുത്തി.

വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ നിവേദനം നൽകാനും വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനമെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷനായിരുന്നു. ആലിക്കുട്ടി മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ ഉമ്മർ ഫൈസി, ഡോ ബഹാവുദ്ധീൻ മുഹമ്മദ് നദ് വി തുടങ്ങിയ സമസ്ത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post