യു ഡി എഫില്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരു പങ്ക് ലക്ഷ്യമിട്ട് മുസ്ലിം ലീഗ്

മലപ്പുറം | നേരത്തെ മുന്നണിയിലുണ്ടായിരുന്ന രണ്ട് പാര്‍ട്ടികള്‍ യു ഡി എഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ മൂന്നിലൊന്ന് ലക്ഷ്യമിട്ട് മുസ്ലിംലീഗ്. കേരള കോണ്‍ഗ്രസ് എം, ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടികള്‍ മുന്നണിവിട്ടതോടെ 22 സീറ്റുകളാണ് യു ഡി എഫില്‍ ഒഴിവ് വരുന്നത്. ഇതില്‍ പി ജെ ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസിനുമൊപ്പം തുല്ല്യ പങ്ക് വേണമെന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്.

കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് പി ജെ ജോസഫ് ഇതിനകം അറിയിച്ച് കഴിഞ്ഞു. എട്ട് മുതല്‍ പത്ത് സീറ്റുകള്‍വരെ പി ജെ ജോസഫിന് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി വരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിനൊപ്പം തുല്ല്യ പങ്ക് വേണമെന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്. സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് ഔദ്യോഗികമായി കടന്നാല്‍ ശക്തമായി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം.

കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഒരു നിലക്കും നേതൃത്വം പിന്നോട്ട് പോകരുതെന്ന് യൂത്ത്‌ലീഗ് അടക്കമുള്ള പോഷക സംഘടനകളും ആവശ്യപ്പെടുന്നു. മലബാറിലെ പാര്‍ട്ടി എന്ന ലേബലില്‍ തങ്ങളെ ഇനിയും ഒതുക്കാനാവില്ലെന്നും ഇത്തവണ മലബാറിന് പുറത്ത് കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗ് ആവശ്യപ്പെടുമെന്നും ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. പൂഞ്ഞാറും കഴക്കൂട്ടവും കാഞ്ഞിരപ്പള്ളിയുമെല്ലാം ലീഗ് കണ്ണുവെച്ച സീറ്റുകളാണ്.

കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിച്ചത്. ഇത് ഒരു 28-30 സീറ്റുകള്‍ വരെ എത്തിക്കുകയാണ് ലീഗ് ലക്ഷ്യം. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ 19 സീറ്റുകള്‍ ജയിക്കാനായതും ലീഗ് അവകാശവാദത്തിന് ശക്തിയേകുന്നു. കഴിഞ്ഞ തവണ ശക്തമായ യു ഡി എഫ് വിരുദ്ധ വികാരത്തിലും വലിയ പോറലേല്‍ക്കാതെ ലീഗിന് പിടിച്ചു നില്‍ക്കാനായെ്ന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

Post a Comment

Previous Post Next Post