ഹൈദരാബാദ്:
ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ ക്രൂര ബലാത്സംഗത്തിനിരയായ അഞ്ച് വയസ്സുകാരിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ശരീരമാസകലം മുറിവേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനിലം തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാക്കിനാഡ വൺ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞദിവസം മുത്തച്ഛനൊപ്പമാണ് കുട്ടി ഉറങ്ങാൻകിടന്നത്. കുട്ടിയുടെ അച്ഛൻ വീടിന് പുറത്തായിരുന്നു ഉറങ്ങിയിരുന്നത്. പുലർച്ചെ നാല് മണിയോടെഉറക്കമുണർന്ന മുത്തച്ഛൻ കുട്ടിയെ കാണാതായതോടെ ബഹളംവെച്ചു. തുടർന്ന് വീട്ടുകാരും അയൽക്കാരും തിരച്ചിൽ ആരംഭിച്ചു. രാവിലെ ആറ് മണിയോടെയാണ് വീടിന് സമീപത്തെ മരത്തിന് ചുവട്ടിൽ പെൺകുട്ടിയെ ചോരയൊലിച്ച് പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കാക്കിനാഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവവും അണുബാധയുമുള്ളതിനാൽ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇവ രണ്ടും നിയന്ത്രണവിധേയമാക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. അപകടനില തരണം ചെയ്യാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതായും പ്രതിയെക്കുറിച്ച് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും വൺടൗൺ പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Post a Comment