യുപിയില്‍ 6 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ശരീരം കുത്തിക്കീറിശ്വാസകോശം പുറത്തെടുത്തു;പ്രതികളെ അറസ്റ്റ് ചെയ്തു


ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ വികൃതമായ നിലയിൽ ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ആഭിചാരത്തിനായി ശരീരം കുത്തിക്കീറി ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയങ്ങൾ പ്രതികൾ പുറത്തെടുത്തെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗദ്ദംപുർ സ്വദേശികളായ അങ്കുൽ കുരിൽ(20) ബീരാൻ(31) പരുശുറാം, ഇയാളുടെ ഭാര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അങ്കുലും ബീരാനും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇരുവരും ചേർന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയായിരുന്നു. ഇത് പിന്നീട് ആഭിചാരക്രിയകൾക്കായി പരശുറാമിന് കൈമാറി. പരശുറാമിനും ഭാര്യയ്ക്കും വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. ഒരു പെൺകുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാൽ ഭാര്യ ഗർഭം ധരിക്കുമെന്നും കുഞ്ഞിന് ജന്മം നൽകുമെന്നുമായിരുന്നു ഇയാളുടെ വിശ്വാസം. ഇക്കാര്യം ബന്ധുവായ അങ്കുലിനെയും ബീരാനെയും അറിയിക്കുകയും ചെയ്തു.തുടർന്നാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ ഉപയോഗിച്ച് ആഭിചാരം നടത്താൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ചതിന് പിന്നാലെയാണ് അങ്കുലും ബീരാനും പെൺകുട്ടിയെ തേടിയിറങ്ങിയത്. കടയിലേക്ക് പോയ പെൺകുട്ടിയെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോയി. തുടർന്ന് വനത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരം കുത്തിക്കീറിയ പ്രതികൾ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയങ്ങൾ പുറത്തെടുത്ത് മൃതദേഹം വനത്തിൽ തന്നെ ഉപേക്ഷിച്ചു. കേസിൽ പ്രതികളായ അങ്കുലിനെയും ബീരാനെയും ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇവർ നൽകിയ വിവരമനുസരിച്ചാണ് പരശുറാമിനെ പിടികൂടിയത്. തുടക്കത്തിൽ ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റംസമ്മതിക്കുകയായിരുന്നു. 1999-ൽ വിവാഹം കഴിഞ്ഞ തനിക്ക് കുഞ്ഞുണ്ടാകാത്തതിനാലാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തി ആഭിചാരം നടത്തുന്നതിനെക്കുറിച്ച് ഇയാളുടെ ഭാര്യയ്ക്കും അറിവുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പരശുറാമിന്റെ ഭാര്യയെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം തന്നെ നിർദേശം നൽകിയിരുന്നു. ഫാസ്റ്റ്ട്രാക്ക് കോടതിയിലാകും കേസിന്റെ വിചാരണ നടക്കുകയെന്നും അതിനാൽ എത്രയുംവേഗം പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post