ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു: നേതാക്കളും അനുയായികളും കൂട്ടത്തോടെ പാർട്ടി വിട്ടു: ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ പാളുന്നു bjp shut dwon kerala

തിരുവനന്തപുരം: 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍ എന്നിവര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഭ്യന്തര പ്രശ്നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും എതിര്‍ ശബ്ദങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത് പതിവില്ലായിരുന്നു. എന്നാല്‍ ഇത്തവണ നേതാക്കളെല്ലാം മാധ്യമങ്ങളിലൂടെയാണ് എതിര്‍പ്പുകള്‍ വ്യക്തമാക്കിയതെന്നതാണ് ശ്രദ്ധേയം.

ശോഭാ സുരേന്ദ്രന്‍ ആണ് കെ സുരേന്ദ്രനെതിരെ ആദ്യമായി പരസ്യ പ്രതികരണം നടത്തി രംഗത്തെത്തിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടിരുന്നു പേരായിരുന്നു ശോഭയുടേത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നറുക്ക് വീണത് കെ സുരേന്ദ്രനായിരുന്നു. ഇതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും തഴയപ്പെടുന്ന പ്രവര്‍ത്തികളാണ് ഉണ്ടായത്.

കെ സുരേന്ദ്രന്‍ ചുമതലേയറ്റതിന് പിന്നാലെ നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിയമിച്ചു. ഇതില്‍ കടുത്ത അതൃപ്തിയുള്ള ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ 6 മാസമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. കഴിഞ്ഞ ദിവസം അവര്‍ സുരേന്ദ്രനെതിരേയുള്ള അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തുകയും ചെയ്തു.

പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിയിലെ കീഴ്വഴക്കള്‍ മാറി. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടെയും വിഴുപ്പലക്കാന്‍ ഇല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കത്ത് അയച്ചതായുള്ള റിപ്പോര്‍ട്ടുകളും  പുറത്തു വന്നത്

ശോഭാ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും രംഗത്തെതി. കെ. സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ വഞ്ചിച്ചെന്നായിരുന്നു വേലായുധന്‍റെ ആരോപണം.

ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായ പിഎം വേലായുധൻ. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് മാത്രം എത്തിയ അബ്ദുള്ളക്കുട്ടിക്ക് ഉന്നത സ്ഥാനം നല്‍കിയതിലെ അതൃപ്തിയും അദ്ദേഹം അറിയിച്ചു.

വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ട് പോയത് പോലെ ആണ് അബ്ദുല്ല കുട്ടിക്ക് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല. പുതിയ ആളുകള്‍ വരുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ല. സംഘടനാ സെക്രട്ടറിമാരും പക്ഷാപാതമായി പെരുമാറുകയാണ്. മറ്റ് പാര്‍ട്ടികളില്‍ വലിയ സുഖത്തില്‍ കഴിഞ്ഞവരാണ് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഇത്തരം പ്രതികരണങ്ങളില്‍ പരസ്യമായ അഭിപ്രായ പ്രകടനത്തിന് കെ സുരേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്ഥാനമാനങ്ങൾ സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുമെന്ന ഒറ്റവരി മറുപടി മാത്രമാണ് ഇതുവരെയായി സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ ആഭ്യന്തര കലഹം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറായിരം വാര്‍ഡുകളിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ മോഹം. എന്നാല്‍ ഇപ്പോഴത്തെ പടലപ്പിണക്കത്തില്‍ അണികള്‍ അസ്വസ്ഥരാണ്. പലയിടത്തും കൊഴിഞ്ഞു പോക്ക് ശക്തമാണ്. പാലക്കാട് ജില്ലയില്‍ നിന്നും പാര്‍ട്ടിവിട്ടവര്‍ കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.


പുറത്ത് അഭിപ്രായം പറയുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് വിപരീത ഫലം ഉണ്ടാക്കും. അതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നേതൃത്വം. അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളില്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടാത്തതും ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post