ഫെഡറല്‍ ഭരണക്രമം അട്ടിമറിക്കാന്‍ കേന്ദ്രഭരണം കൈയാളുന്നവര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇന്ത്യന്‍ യൂനിയനില്‍ പലകുറി ഉയര്‍ന്നിട്ടുണ്ട്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാധികാരം അനുവദിക്കണമെന്ന ആവശ്യം തീവ്രവാദമായും വിഘടനവാദമായുമൊക്കെ പരിണമിച്ചതിന്റെ ഉദാഹരണങ്ങളുമുണ്ട്. നികുതി വിഹിതം വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് അകാലികള്‍ കൊണ്ടുവന്ന അനന്ത്പൂര്‍ സാഹിബ് പ്രമേയത്തിന്റെ തുടര്‍ച്ചയിലാണ് പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം ഉയര്‍ന്നുവരുന്നത്. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച അധികാരം തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ പാകത്തിലുള്ള സാമ്പത്തിക സ്വാതന്ത്ര്യം പോലും അനുവദിക്കുന്നില്ലെന്ന ചിന്തയില്‍ നിന്ന് കൂടിയാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ സ്വയംഭരണമെന്ന വാദമുന്നയിച്ചുള്ള തീവ്രവാദ സംഘടനകള്‍ വേരുപിടിച്ചതും.
രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുകയും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി തുടര്‍ച്ചയായി കേന്ദ്രാധികാരം കൈയാളുകയും ചെയ്യുന്ന ഈ കാലത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പിടിച്ചെടുക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഏതാണ്ട് പതിവായിരിക്കുന്നു. ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ കീഴില്‍ വരുന്ന വിഷയങ്ങളില്‍പ്പോലും പ്രതിലോമകരമായ നിയമ നിര്‍മാണങ്ങള്‍ക്ക് മടിക്കുന്നില്ല നരേന്ദ്ര മോദി സര്‍ക്കാര്‍. ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് – ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി വിഭവ സമാഹരണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ഏതാണ്ട് ഇല്ലാതായി. അതിന് പിറകെ കൃഷി, ക്രമസമാധാനം, ജലവിഭവം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളിലെല്ലാം കേന്ദ്ര ഭരണകൂടത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും വിധത്തില്‍ അടുത്തിടെ നടത്തിയ നിയമ നിര്‍മാണങ്ങള്‍ ഉദാഹരണമാണ്. യു എ പി എ, എന്‍ ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്ത് എന്‍ ഐ എക്ക് സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ കേസുകള്‍ ഏറ്റെടുക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതും.
കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണം കൂട്ടിക്കൊണ്ട് സംസ്ഥാന സര്‍ക്കാറുകളെ അപ്രസക്തമാക്കുകയാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആരോപണമുന്നയിച്ച നരേന്ദ്ര മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റതിന് ശേഷം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉജ്ജ്വല, പി എം കിസാന്‍, സ്വച്ച് ഭാരത്, ആയുഷ്മാന്‍ ഭാരത് എന്നിവ ഉദാഹരണങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് ഏജന്‍സിയായി തരംതാഴ്ത്തുക എന്നതാണ് തന്ത്രം. അതിലൂടെ അധികാരം കൂടുതല്‍ കേന്ദ്രീകരിച്ച്, കേന്ദ്ര ഭരണകൂടത്തിന്റെ ദാക്ഷിണ്യത്തില്‍ പ്രവര്‍ത്തിക്കുന്നവ മാത്രമായി സംസ്ഥാന സര്‍ക്കാറുകളെ മാറ്റുകയാണ്.
ഗുരുതരമായ ഈ സാഹചര്യത്തില്‍ വേണം കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വായ്പ എടുക്കുന്നത് ഭരണഘടനാ വ്യവസ്ഥ ലംഘിച്ചാണെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ കാണാന്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് രാജ്യത്തിനകത്തു നിന്ന് നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പയെടുക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ഏതെങ്കിലുമൊരു ഏജന്‍സിയെടുക്കുന്ന വായ്പക്ക്, സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നതിനും അനുമതിയുണ്ട്. ഈ വ്യവസ്ഥപ്രകാരം തന്നെയാണ് കിഫ്ബിയുടെ വായ്പക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നത്. അതിലെന്ത് ഭരണഘടനാ ലംഘനമാണെന്ന് സി എ ജി ഇനിയും വ്യക്തമാക്കേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം സംസ്ഥാന സര്‍ക്കാറിന്റെ പക്കലില്ല എന്നതൊരു വസ്തുതയാണ്. വരുമാനം ഏതാണ്ട് പൂര്‍ണമായും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ വേണം. ധന ഉത്തരവാദിത്വ നിയമമനുസരിച്ച്, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമേ കടമെടുക്കാനാകൂ. ആ കടത്തില്‍ നിന്നുള്ള വിഹിതം പോലും സര്‍ക്കാറിന്റെ ദൈനംദിന ചെലവുകളിലേക്ക് എടുക്കേണ്ടിവരുന്നു. രണ്ടാണ്ടത്തെ പ്രളയം, കൊവിഡിന്റെ വ്യാപനവും അത് തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണും സമ്പദ് വ്യവസ്ഥയെ നിശ്ചലാവസ്ഥയിലാക്കിയത്, ഇക്കാലത്ത് സാമൂഹികക്ഷേമത്തിനായി കൂടുതല്‍ തുക ചെലവിടേണ്ടി വന്നത് ഒക്കെ കണക്കിലെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി നീക്കിവെക്കാന്‍ വലിയ തുകയൊന്നും സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവിലുണ്ടാകില്ലെന്ന് ഉറപ്പ്. ഈ സാഹചര്യത്തില്‍ ബജറ്റിന് പുറത്ത് കടമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ, പൊതു വിപണിയില്‍ നിന്ന് കൂടുതല്‍ പണം കടമെടുക്കാന്‍ പാകത്തിലുള്ള ഏജന്‍സിയായി കിഫ്ബിയെ മാറ്റിയത് കൂടുതല്‍ പ്രസക്തമാകുകയാണ്. ഉയര്‍ന്ന പലിശ നിരക്കുള്ള കിഫ്ബി വായ്പകളുടെ തിരിച്ചടവ് ഭാവിയില്‍ സംസ്ഥാനത്തിന് പ്രയാസങ്ങളുണ്ടാക്കിയേക്കാമെന്ന വിമര്‍ശനം കനമുള്ളതാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്.
അതിന്റെ കടയ്ക്കല്‍ കത്തിവെക്കും വിധത്തിലുള്ള പരാമര്‍ശമാണ്, കിഫ്ബി വായ്പയെടുക്കുന്നത് ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിലൂടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നടത്തുന്നത്. സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്ന ഏജന്‍സി എന്ന നിലയില്‍ കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടക്കുന്നുണ്ട്. അത്തരം ഓഡിറ്റുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ നടത്തിയപ്പോള്‍ നടത്താതിരുന്ന പരാമര്‍ശം ഇപ്പോള്‍ നടത്തുന്നത് എന്തുകൊണ്ടാണ്? സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പുതിയ കെട്ടിടങ്ങള്‍, പുതിയ റോഡുകള്‍ എന്നിങ്ങനെ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം അടുത്തിടെ നടന്നിരുന്നു. അതിന് പിറകെയാണ് സി എ ജിയുടെ ഈ പരാമര്‍ശം വരുന്നത് എന്നതും പ്രധാനമാണ്.
കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് ഏജന്‍സി മാത്രമായി സംസ്ഥാന സര്‍ക്കാറുകളെ മാറ്റിക്കൊണ്ട് അധികാര കേന്ദ്രീകരണം ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും പുതിയ മാര്‍ഗങ്ങളിലൂടെ വിഭവ സമാഹരണം നടത്തി മുന്നേറാന്‍ ശ്രമിക്കുന്നത് കണ്ടുനില്‍ക്കാനാകില്ല. കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഇത് സ്വീകരിക്കാവുന്ന മാര്‍ഗമല്ലേ എന്ന ചിന്ത മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകും. അവയില്‍ ചിലതെങ്കിലും ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തീരുമാനിച്ചാല്‍ അധികാര കേന്ദ്രീകരണമെന്ന അജന്‍ഡ നടക്കാതെ പോകും. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പുകാര്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാറുകളെന്ന പ്രചാരണത്തിലൂടെ (വര്‍ഗീയ ധ്രുവീകരണത്തിനൊപ്പം) പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന ശേഷിക്കുന്ന ഇടങ്ങളില്‍ കൂടി സ്വാധീനമുറപ്പിക്കാനുള്ള ബി ജെ പി പദ്ധതി നടക്കാതെ പോകും. അതുകൊണ്ടുതന്നെ കിഫ്ബിയെ ഇല്ലാതാക്കുക എന്നത് കേന്ദ്രാധികാരത്തിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ ആവശ്യമാണ്. അതിലേക്ക് സി എ ജി ഒരു ഉപകരണമാകുകയാണെന്ന് ന്യായമായും സംശയിക്കണം. ഹിന്ദുത്വ അജന്‍ഡയുടെ നടപ്പാക്കലിനും ജനാധിപത്യം അട്ടിമറിച്ച് ഭരണം പിടിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറും ബി ജെ പിയും അറച്ചിട്ടില്ലെന്നത് ഓര്‍ക്കുക.
ജി എസ് ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കാന്‍ കേന്ദ്രം മെനക്കെട്ടപ്പോള്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത് കേരളമായിരുന്നു. അതുള്‍പ്പെടെ കേന്ദ്രാധികാരത്തെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേരളം തയ്യാറായതും നരേന്ദ്ര മോദി സര്‍ക്കാറിനെയും ബി ജെ പിയെയും ചൊടിപ്പിച്ചിട്ടുണ്ടാകണം. അതിനുള്ള മറുപടി കൂടിയാകണം സി എ ജിയെ മറയാക്കി കേരളത്തെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം. ഇത് തുറന്നുകാണിക്കുക എന്നത് കേരളത്തോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ബാധ്യതയാണ്. അതാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചെയ്തത്. അതിന് സി എ ജി റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പ് അതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തി എന്നത് പോലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബി ജെ പിയുടെ അജന്‍ഡക്ക് ചൂട്ടുപിടിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയും ചെയ്യുന്നത്. നാളെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തിലേറുകയും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുകയും ചെയ്താല്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി കൂടിയാണിതെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്ര തന്ത്രജ്ഞതയാണ് പ്രതിപക്ഷ നേതാവിനുണ്ടാകേണ്ടത്. ഫെഡറല്‍ ഭരണക്രമത്തെ അട്ടിമറിച്ച് കാര്‍ഷിക മേഖലയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയമായി ചെറുക്കുകയും സംസ്ഥാനത്ത് പകരം നിയമം കൊണ്ടുവരാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും കോണ്‍ഗ്രസുകാരനാണ്. കണ്ടുപഠിക്കാം ചെന്നിത്തലക്കും കൂട്ടര്‍ക്കും. സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ്പിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചോദിച്ചറിയുകയുമാകാം.
Post a Comment