അഞ്ചു വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്ന് വൃക്കകൾ നീക്കിയ നിലയിൽ : കേസിൽ നീതിലഭിച്ചില്ല

ഒഡിഷയിൽ നിയമസഭാ മന്ദിരത്തിനു മുന്നിൽ ദമ്പതികളുടെ ആത്മഹത്യാ ശ്രമം. അഞ്ചു വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നീതി നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച് നയാഗഢ് ജില്ലയിൽനിന്നുള്ള ദമ്പതികളാണു ഭുവനേശ്വറിലെത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

മണ്ണെണ്ണ ദേഹത്ത് ഒഴിച്ചെങ്കിലും തീ കൊളുത്തുന്നതിനു മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. ജൂലൈ 10ന് വീടിനു സമീപം കളിക്കുകയായിരുന്ന മകളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. കണ്ണുകൾ ചൂഴ്ന്ന നിലയിലും വൃക്കകൾ നീക്കം ചെയ്ത നിലയിലും കുട്ടിയുടെ മൃതദേഹം പിന്നീടു വീടിന്റെ പിൻവശത്തായി കണ്ടെത്തി.

‘പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരുടെ പേരു സഹിതം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയെങ്കിലും അയാളെ ശിക്ഷിക്കുന്ന ഒരു നടപടിയും ഇതുവരെ എടുത്തില്ല’ – പിതാവ് പറഞ്ഞു. ജില്ലയിൽനിന്നുള്ള മന്ത്രിയുടെ പ്രധാന സഹായികളിൽ ഒരാളുടെ പേരാണ് കുടുംബം പരാതിയിൽ പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ സമ്മർദം കാരണമാണ് പൊലീസ് മുന്നോട്ടു പോകാത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി പിൻവലിക്കാത്തതിന് കുറ്റാരോപിതനും സഹായികളും ചേർന്ന് ഒക്ടോബർ 26ന് അക്രമിച്ചെന്നും ദമ്പതികൾ പറഞ്ഞു. ആക്രമിച്ചവരിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റാരോപിതനെ മാറ്റിനിർത്തുകയാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
ഇതേക്കുറിച്ചുള്ള ചോദ്യത്തോട് വിഷയം പരിഗണിക്കുന്നുണ്ടെന്ന മറുപടിയാണ് ഭുവനേശ്വറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നിയമസഭയ്ക്കകത്ത് നടക്കുമ്പോഴാണ് ദമ്പതികൾ പുറത്ത് ആത്മഹത്യാശ്രമം നടത്തിയത്

Post a Comment

Previous Post Next Post