കൊച്ചി | എറണാകുളം മുളന്തുരുത്തി ആമ്പല്ലൂരില്‍ യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യാണ് സുഹൃത്തായ അശോകിന്റെ വീട്ടിലെത്തി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 10.30ഓടെ വീട്ടിലെത്തിയ സൂര്യ മുകളിലത്തെ നിലയിലുള്ള അശോകിന്റെ മുറിയിലെത്തി വാതിലടച്ച് ആത്മഹത്യ ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ച ശേഷം വീട്ടിലുള്ളവര്‍ മുറിക്ക് പുറത്തു പോയ സമയത്ത് സൂര്യ വാതിലടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി.
വിവരമറിഞ്ഞ് അയല്‍വാസികളും മറ്റും എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. ഫാനില്‍ ഷാളുമുണ്ടായിരുന്നു. വാതില്‍ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വര്‍ഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴി. ഡിസംബര്‍ 15ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
إرسال تعليق