കൊച്ചി : സ്വർണക്കടത്ത് കേസ് അന്വേഷണം സംസ്ഥാന സർക്കാരിലേക്ക്. ശിവശങ്കർ നേതൃത്വം നൽകിയ സർക്കാർ പദ്ധതികളുടെ വിവരങ്ങൾ തേടി എൻഫോഴ്സ്മെൻ്റ്. സർക്കാരിൻ്റെ നാല് വൻകിട പദ്ധതികൾ സംശയത്തിൽ. ചീഫ് സെക്രട്ടറിയോട് പദ്ധതി വിശദാംശങ്ങൾ തേടി ഇ ഡി.
ഇ – മൊബിലിറ്റി, ഡൗൺ ടൗൺ ,സ്മാർട്ട് സിറ്റി, കെ ഫോൺ പദ്ധതികളിലെ ക്രമവിരുദ്ധ ഇടപെടലുകളും, ക്രമക്കേടുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പങ്കാളികളായ ഈ പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് ഇഡി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി, ഭൂമി വില, നിക്ഷേപങ്ങൾ, പദ്ധതിയിലെ പങ്കാളികൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് എം ശിവശങ്കറുമായി അടുപ്പമുള്ള ചിലർ റിയൽ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി വിവരമുണ്ട്. അറസ്റ്റിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും, സ്വപ്ന സുരേഷും, ചാർട്ടേർഡ് അക്കൗണ്ടൻ്റ് വേണുഗോപാലും മുമ്പ് നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻ്റ് അന്വേഷണം സർക്കാർ പദ്ധതികളിലേക്കും നീട്ടിയത്.
സ്മാർട്ട് സിറ്റി പദ്ധതി അനിശ്ചിതത്വത്തിലായപ്പോൾ ശിവശങ്കർ സ്വപ്ന സുരേഷിൻ്റെ സഹായം തേടുകയും, ദുബായ് ഹോൾഡിംഗ് സിനെ ചർച്ചകൾക്ക് പ്രേരിപ്പിച്ച് തടസ്സങ്ങൾ നീക്കുകയും ചെയ്തിരുന്നു. ഇതിൽ സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയോയെന്നതിലേക്കും അന്വേഷണം നടക്കുന്ന വിവരം ജനം ടി വി പുറത്തുവിട്ടിരുന്നു. മന്ത്രിസഭാ അനുമതിക്ക് കാത്തു നിൽക്കാതെയായിരുന്നു ശിവശങ്കർ കെ ഫോൺ പദ്ധതിക്ക് കരാർ നൽകിയത്. 49 ശതമാനം കൂടിയ തുകയ്ക്കായിരുന്നു ടെണ്ടർ. വിവാദ പ്രൈസ് വാട്ടേഴ്സ് കൂപ്പർ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ നൽകിയതും അന്വേഷണ പരിധിയിലുണ്ട്. ശിവശങ്കർ മുൻകൈ എടുത്ത് നടപ്പാക്കിയ മറ്റ് നിരവധി പദ്ധതികളെ കുറിച്ചും ഇ ഡി അന്വേഷിക്കുകയാണ്.
Post a Comment