തിരുവനന്തപുരം | സ്റ്റേഷനില്‍ മകളോടൊപ്പം പരാതി നല്‍കാനെത്തിയയാളോട് മോശമായി പെരുമാറിയ നെയ്യാര്‍ ഗ്രേഡ് എ എസ് ഐ ഗോപകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല. സ്‌റ്റേഷനില്‍ വെച്ച് പിതാവിനോടും മകളോടും മോശമായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്കായിരുന്നു അന്വേഷണ ചുമതല. ഗുരുതര വീഴ്ച ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് റിപ്പോര്‍ട്ട് . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
Post a Comment