മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല. ആരോപണം സംബന്ധിച്ചുള്ള പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു.തുടർന്ന്വി.സി നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കണ്ടെത്തിയത്. ജലീലിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിൽ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. 2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാൽ പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് പരാതിയിലെ ആരോപണം. ഇതോടൊപ്പം വ്യാകരണ പിശക് ഒരുപാടുണ്ടെന്നും അക്കമിട്ട് സൂചിപ്പിച്ചിരുന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്.ഡി. ബിരുദത്തിനെതിരേ ഗവർണർക്ക് പരാതി സമർപ്പിച്ചത്. അടുത്തിടെ മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായ വേളയിലാണ് മന്ത്രിയുടെ പ്രബന്ധം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിക്കുകയും വിദഗ്ധ സമിതിയെക്കൊണ്ട് പഠിക്കുകയും ചെയ്ത ശേഷമാണ് ഗവർണർക്ക് പരാതി നൽകിയത്.
Post a Comment