തിരുവനന്തപുരം | സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപവത്ക്കരിക്കാന്‍ നീക്കം. പോലീസ് നിയമഭേദഗതി അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം.
പോലീസ് സ്റ്റേഷനില്‍ പുതിയ ഭേദഗതി പ്രകാരം പരാതി ലഭിച്ചാല്‍ അപ്പോള്‍ തന്നെ കേസെടുക്കേണ്ടെന്നാണ് ധാരണ. പരാതി പരിശോധിച്ച് തുടര്‍നടപടി എടുക്കാനായി സമിതിയെ വെക്കാനാണ് സാധ്യത. ഓരോ സബ് ഡിവിഷനിലും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സമിതിയോ ജില്ലാ തല സമിതിയോ ഇതിനായി രൂപവത്ക്കരിക്കും. ഈ സമിതികള്‍ അനുമതി നല്‍കുന്ന പരാതികളിലാകും കേസെടുക്കുക.
കേസ് എങ്ങിനെ രജിസ്റ്റര്‍ ചെയ്യണം, അന്വേഷണം എങ്ങിനെ നടത്തണം, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അറസ്റ്റിലേക്ക് എങ്ങനെ നീങ്ങണം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുടെ അഭിപ്രായം പോലീസ് തേടിയിട്ടുണ്ട്.
പോലീസ് നിയമ ഭേദഗതിയില്‍ സി പി എം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭേദഗതി ഭരണഘടനാ വിരുദ്ധമാണ് എന്നാക്ഷേപിച്ച് മാധ്യമപ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തു.
Post a Comment