ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌കേസ്: എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി കമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കൂടൂതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 75 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ചില കേസുകളിൽ കൂടി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യമുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാർ നിലപാട് കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സർക്കാർ അറിയിച്ചതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കമറുദ്ദീന്റെ അഭിഭാഷകന് ഓൺലൈൻ വാദത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ വിണ്ടും പരിഗണിച്ചപ്പോഴാണ് കോടതി ജാമ്യം നിഷേധിച്ചത്.

നവംബർ 11ന് അറസ്റ്റിലായ തന്റെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി കമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയെ തുടർന്നായിരുന്നു കമറുദ്ദീന്റെ അറസ്റ്റ്

Post a Comment

Previous Post Next Post