ആലപ്പുഴ | ജില്ലയില്‍ നേതാക്കള്‍ക്ക് കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ട് ക്വാറന്റീനിലായതോടെ ആലപ്പുഴ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രതിസന്ധിയില്‍. നിരവധി സ്ഥലങ്ങളില്‍ സീറ്റ് തര്‍ക്കങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിവസമായതിനാല്‍ തര്‍ക്കങ്ങളുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദം ഉന്നയിച്ചവരോടെല്ലാം പത്രിക നല്‍കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇനി ഈ സ്ഥലങ്ങളില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതിക്ക് മുമ്പ് അന്തിമ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ട്.
എന്നാല്‍ ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ട നേതാക്കള്‍ കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ടതിനാല്‍ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. ഓരോ സ്ഥലങ്ങളിും പത്രിക നല്‍കിയ ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും രണ്ട് ദിവസത്തിനുള്ളില്‍ പിന്തിരിപ്പിക്കണം. അതിനുള്ള ചര്‍ച്ച ഫോണില്‍ നടത്തേണ്ടിവരും. നേരിട്ടു ചര്‍ച്ച ചെയ്തിട്ടു തീരാത്ത വിഷയം ഫോണില്‍ തീര്‍ക്കേണ്ടിവരുമെന്നത് വലിയ വെല്ലുവിളിയാകും
ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാക്കളായ കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി സി വിഷ്ണുനാഥ്, ഡി സി സി അധ്യക്ഷന്‍ എം ലിജു, കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൂടാതെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സി കെ ഷാജിമോഹനും ക്വാറന്റീനിലാണ്.
പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ പി സി സി ഉപസമിതിയില്‍ പി സി വിഷ്ണുനാഥ്, സി ആര്‍ ജയപ്രകാശ്, എം മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗംസ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനില്‍ പോയി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെല്ലാം ഡി സി സി ഓഫീസില്‍ സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Post a Comment