ന്യൂഡല്‍ഹി | ബിഹാറില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനവുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി വരുന്നു. ജാര്‍ഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഫര്‍ഖാന്‍ അന്‍സാരിക്കെതിരെയാണ് നടപടി വരുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ച് അദ്ദേഹത്തിന് സംസ്ഥാന നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തെയാണ് ഫര്‍ഖാന്‍ അന്‍സാരി ചോദ്യം ചെയ്തത്. രാഹുലിന്റെ ഇപ്പോഴത്തെ ഉപദേശകരെല്ലാം എം ബി എ ബിരുദധാരികളാണെന്നും ഇവരുടെ ഉപദേശം തിരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു, രാഹുലിന് ശരിയായ നിര്‍ദ്ദേശം നല്‍കാനോ, പ്രചാരണ പരിപാടികളില്‍ കൃത്യമായ ഉപദേശം നല്‍കാനോ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ രാഹുലിന് നല്ല ഒരു രാഷ്ട്രീയ ഉപദേഷ്ടാവിനെ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിഘടനയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുലിനും കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ ആര്‍ പി എന്‍ സിംഗിനെതിരെയും അന്‍സാരി വിമര്‍ശനമുന്നയിച്ചിരുന്നു. തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ അയാളെ ഒരു ബ്ലോക്ക് പ്രസിഡന്റായി പോലും നിയമിക്കില്ലായിരുന്നു എന്നായിരുന്നു അന്‍സാരി പറഞ്ഞത്.
Post a Comment