കൊവിഡിന്റെ പേരില്‍ യു പിയില്‍ എസ്മ പ്രയോഗിച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നോ | കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടി എന്ന പേരില്‍ ഉത്തര്‍പ്രദശില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയുന്ന എസ്മ പ്രയോഗിച്ച് സര്‍ക്കാര്‍. ആറുമാസത്തേക്കാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സമരം ചെയ്യാനുള്ള അവകാശം യോഗി സര്‍ക്കാര്‍ നിഷേധിച്ചത്. തലസ്ഥാന നഗരമായ ലഖ്നോവില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നുവരെയാണ് 144 പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം മുന്നില്‍ക്കണ്ടാണ് എസ്മയും 144ഉം പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ക്ക് അനുമതിയുണ്ടാകില്ല.

രാജ്യവ്യാപക പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയീസ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എസ്മ പ്രയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. മെയ് 21വരെയാണ് എസ്മ നിലനില്‍ക്കുക. എസ്മ നിലനില്‍ക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത് കുറ്റകരമാണ്. ഒരുവര്‍ഷം വരെ തടവും 1000 രൂപവരെ പിഴയും ലഭിക്കാം. നിയമഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്.

Post a Comment

Previous Post Next Post