കാസര്‍കോട് | കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയ മുഴുവന്‍ മുസ്ലിം ലീഗ് ഗുണ്ടകളും കസ്റ്റഡിയില്‍. മുഖ്യപ്രതിയും യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയുമായ ഇര്‍ഷാദ്, എം എസ് എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റായ ഹസന്‍, യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ആഷിര്‍, ഇസ്ഹാഖ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ മൂന്ന് പ്രതികളാണ് നേരിട്ട് പങ്കെടുത്തെന്ന് പോലീസ് അറിയിച്ചു. ഇസ്ഹാഖ് ഒഴികെയുള്ള പ്രതികളാണ് നേരിട്ട് പങ്കെടുത്തത്.
സംഘര്‍ഷത്തിനിടെ പരുക്കേറ്റെന്ന് പ്രചരിപ്പിച്ച് മംഗളൂരു ആശുപത്രിയില്‍ കഴിഞ്ഞ ഇര്‍ഷാദിനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്ക് സംഘര്‍ഷത്തില്‍ കാര്യമായ പരുക്കൊന്നും ഇല്ലെന്നും ഇത് സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ടത് കള്ളമാണെന്നും തെളിഞ്ഞു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. അബ്ദുറഹ്മാനെ കുത്തിവീഴ്ത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കി. ഹസനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തെന്നും ഇസഹാഖ് മൊഴി നല്‍കിയിട്ടുണ്ട്.
അതിിനടെ അബ്ദുറഹ്മാന്‍ ഔഫിന്റെ നെഞ്ചിന്റെ വലതുഭാഗത്ത് എട്ട് സെന്റിമീറ്റര്‍ ആഴത്തില്‍ കുത്തേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ടുള്ള കുത്തില്‍ ഔഫിന്റെ നെഞ്ചിന് പുറമെ ശ്വാസകോശത്തിലും പരുക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഔഫിന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കാഞ്ഞങ്ങാട് നഗരസഭയിലെ 35-ാം വാര്‍ഡില്‍ എല്‍ ഡി എഫ് വിജയം നേടിയതോടെയാണ് ലീഗ് ഗഉണ്ടകളെ പ്രകോപിപ്പിച്ചത്. വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഔഫിനെ കുത്തിക്കൊന്നത്.
അതിനിടെ ഔഫിന്റെ മരണം സംബന്ധിച്ച് സംസ്ഥാനത്തുണ്ടായ വ്യാപക പ്രതിഷേധം തുടരുരകയാണ്.
രാഷ്ട്രീയ തോല്‍വികളെ കൊലപാതക രാഷ്ട്രീയം കൊണ്ട് നേരിടുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നാണ് ആവശ്യം. പരിഷ്‌ക്യത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ് ലീഗ് അണികള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യത്തില്‍ ലീഗ് നടത്തുന്ന കഠാര രാഷ്ട്രീയം ഒരു നിലക്കും അംഗികരിക്കാനാവില്ല. മുസ്ലിം ലീഗിന്റെ ഈ കിരാത നടപടിയെ തള്ളി പറയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് എസ് വൈ എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.
Post a Comment