അനീഷ്‌ വധം : ഹരിതയ്‌ക്ക്‌ മുത്തച്ഛൻ പണം വാ​ഗ്ദാനം ചെയ്‌തു; ഓഡിയോ പുറത്ത്

പാലക്കാട്
തേങ്കുറുശിയിൽ കൊല്ലപ്പെട്ട അനീഷിൽനിന്ന് ഭാര്യ ഹരിതയെ വേർപെടുത്താൻ മുത്തച്ഛൻ കുമരേശൻപിള്ള പണം വാ​ഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്ത്. അനീഷിന്റെയും ഹരിതയുടെയും വിവാഹശേഷം ഹരിതയെ വിളിച്ചാണ് മുത്തച്ഛൻ പണം വാ​ഗ്ദാനം ചെയ്തത്.

അനീഷിനും കുടുംബത്തിനും പണം നൽകാമെന്നും ഹരിത മാത്രം വീട്ടിലേക്ക് തിരിച്ചുവരണമെന്നും മുത്തച്ഛൻ ഫോണിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഒന്നിച്ച് ജീവിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാം. അതിന് സമയം വരട്ടെ. ഹരിതയ്ക്കുമാത്രം എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് തിരിച്ചുവരാമെന്നും മുത്തച്ഛൻ ഫോണിലൂടെ പറയുന്നു.

ഇതിന് വഴങ്ങാതിരുന്നതിനാലാണ് കൊലപാതകമെന്നാണ് അനീഷിന്റെ മാതാപിതാക്കൾ പറയുന്നത്. ഹരിതയെ തിരിച്ചെത്തിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഹരിത പോകാൻ തയ്യാറായില്ല. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ കുമരേശൻപിള്ള ആണെന്നും കുടുംബം ആരോപിച്ചു.

തെളിവെടുപ്പ് പൂര്ത്തിയായി ; ആയുധങ്ങളും ബൈക്കുകളും കണ്ടെടുത്തു
പ്രണയവിവാഹത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോ​ഗിച്ച കത്തിയും കമ്പിയും രണ്ടു ബൈക്കും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ട തേങ്കുറുശി ഇലമന്ദം ആനന്ദ് വീട്ടിൽ അനീഷി(അപ്പു–- 27)ന്റെ ഭാര്യ ഹരിതയുടെ അച്ഛൻ ഇലമന്ദം ചെറുതപ്പുല്ലൂർക്കാട് വീട്ടിൽ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (45) എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. അന്വേഷണം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

പകൽ 10.15 ഓടെ ആലത്തൂര് ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലാണ് പൊലീസ് തേങ്കുറുശിയില് എത്തിയത്. കൊലപാതകം നടത്തിയ മാനാംകുളമ്പിലായിരുന്നു ആ​ദ്യതെളിവെടുപ്പ്. കൊലപാതകം നടത്തിയ രീതി പ്രതികള് വിശദീകരിച്ചു.

പിന്നീട് ഒന്നാംപ്രതി സുരേഷിന്റെ ചെറുതപ്പുല്ലൂർക്കാട്ടിലെ വീട്ടിൽനിന്ന് കത്തിയും ആക്രമിക്കുമ്പോൾ സുരേഷ് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. മുണ്ടും ഷര്ട്ടും ചെരുപ്പും പ്ലാസ്റ്റിക് കവറിലായിരുന്നു. തൊട്ടടുത്ത് രണ്ടാംപ്രതി പ്രഭുകുമാറിന്റെ കാര്ഷെഡില്നിന്ന് മര്ദിക്കാനുപയോഗിച്ച പൈപ്പും വസ്ത്രങ്ങളും കണ്ടെത്തി.

ആക്രമണത്തിന് ഉപയോഗിച്ച കമ്പികളിലൊന്ന് കിണാശേരിയിലേക്കുള്ള വഴിയിലെ മലമ്പുഴ കനാലിൽ തെരച്ചിലിനൊടുവിൽ കിട്ടി. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനത്തിലും ചോരക്കറയുണ്ട്. പ്രഭുകുമാറിന്റെ ബുള്ളറ്റ് കൊടുവായൂരിലെ ബന്ധുവീട്ടിന് സമീപത്തെ കടയോട് ചേർന്നും സുരേഷിന്റെ ബൈക്ക് വീടിന് സമീപത്തുനിന്നും കണ്ടെത്തി.

വിരലടയാള വിദ​​ഗ്ധരും ഫോറന്സിക് ആൻഡ് സയന്റിഫിക് അസിസ്റ്റന്റും തെളിവെടുത്തു. കുഴല്മന്ദം സിഐ ഇ പി രാമദാസ്, എസ്ഐ എ അനൂപ്, എഎസ്ഐമാരായ എം താജുദ്ദീന്, കെ വി സുരേന്ദ്രന് എന്നിവരുമുണ്ടായിരുന്നു.
ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറരയോടെയാണ് സഹോദരൻ അരുൺകുമാറിനൊപ്പം മാനാംകുളമ്പ് സ്കൂൾ ജങ്ഷനിലെ കടയിലേക്ക് പോയപ്പോൾ പ്രതികൾ അനീഷിനെ കൊലപ്പെടുത്തിയത്.

അച്ഛന് ശിക്ഷ കിട്ടണം: ഹരിത
‘അനീഷിനെ കൊന്ന അച്ഛന് ശിക്ഷ കിട്ടണം. എന്റെ അപ്പു പിടഞ്ഞുമരിച്ച വേദന അച്ഛനും മാമനും അറിയണം. അതിനുവേണ്ടിയാണ് താൻ ഇനി ജീവിക്കുന്നത്.’ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പ്രതികരണം. ‘എത്രവർഷം കഴിഞ്ഞാലും അച്ഛനും മാമനും ശിക്ഷ ഉറപ്പാക്കണം. എന്റെ അപ്പു എന്നോടൊപ്പമുണ്ട്. അപ്പുവിനൊപ്പം ജീവിച്ച വീട്ടിൽ തന്നെ ഇനിയും ജീവിക്കും. അനീഷിന്റെ വീടുവിട്ട് താൻ എങ്ങോട്ടും പോകില്ല.’ ഹരിത പറഞ്ഞു.

​ഗൂഢാലോചന അന്വേഷിക്കണമെന്ന് അനീഷിന്റെ കുടുംബം
അനീഷിന്റെ കൊലപാതകത്തിന് പിന്നിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്ന് പിതാവ് ആറുമുഖൻ. അനീഷിന്റെ ഭാര്യ ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ. അർധരാത്രിയിൽ പോലും ഇയാൾ ഹരിതയെയും അനീഷിനെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കുമരേശൻ പിള്ളയെ മുഖ്യപ്രതിയാക്കണമെന്നും അച്ഛൻ പറഞ്ഞു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അനീഷിന്റെ അമ്മ രാധ പറഞ്ഞു. അത് കാണാനാണ് താൻ ഇനി ജീവിച്ചിരിക്കുന്നത്. സുരേഷും കുടുംബവും അനീഷിനെതിരെ കള്ളക്കേസുണ്ടാക്കി പീഡിപ്പിച്ചു. പേടി കാരണം രാത്രിയിൽ അനീഷ് പുറത്തുപോലും ഇറങ്ങിയിരുന്നില്ലെന്നും രാധ പറഞ്ഞു.

Post a Comment

Previous Post Next Post