യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു


തിരുവനന്തപുരം : ചലചിത്ര സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.

ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം സ്വദേശിയാണ്. കൊച്ചിയിലേക്ക് കൊണ്ടുവരുന്ന വഴി വീണ്ടും ഹൃദയാഘാതമുണ്ടായതാണ് ആരോഗ്യനില വീണ്ടും വഷളാകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കോയമ്പത്തൂരിലെ കെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളായി. തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

സുഫിയും സുജാതയും സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. 2015 ൽ പുറത്തിറങ്ങിയ കരിയാണ് ഷാനവാസിന്റെ ആദ്യ ചിത്രം.


Post a Comment

Previous Post Next Post