ഫെയ്സ്ബുക്കിനെതിരെ യു.എസ്. ഫെഡറൽ ട്രേഡ് കമ്മിഷനും വിവിധ യു.എസ്. സ്റ്റേറ്റുകളും നൽകിയ കേസിനെ തുടർന്ന് ഫെയ്സ്ബുക്കിന് അതിന്റെ പ്രധാന സഹസ്ഥാപനങ്ങളായ വാട്സാപ്പുംഇൻസ്റ്റാഗ്രാമും വിൽക്കേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. ചെറുകിട കമ്പനികളെ ഒഴിവാക്കുന്നതിനും മുഖ്യ എതിരാളികളെ കീഴടക്കുന്നതിനും വാങ്ങുക അല്ലെങ്കിൽ നശിപ്പിക്കുക എന്ന നയമാണ് സോഷ്യൽ മീഡിയകമ്പനിയായ ഫെയ്സ്ബുക്ക് സ്വീകരിച്ചിരുന്നത് എന്നാരോപിച്ചാണ് കേസ്. ഗൂഗിളിന് ശേഷം ഏറ്റവും വലിയ നിയമ വെല്ലുവിളി നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സാങ്കേതികവിദ്യസ്ഥാപനമാണ് ഫെയ്സ്ബുക്ക്. എതിരാളികളെ വരുതിയിലാക്കാൻ വിപണിയിലെ മേധാവിത്വം ഉപയോഗിച്ചുവെന്നാരോപിച്ച് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട് മെന്റ് ഗൂഗിളിനെതിരെ പരാതി നൽകിയിരുന്നു. 2012-ൽ 100 കോടി ഡോളറിന് ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിനേയും 2014-ൽ 1900 കോടി ഡോളറിന് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനേയും ഫെയ്സ്ബുക്ക് ഏറ്റെടുത്തിരുന്നു. എതിരാളികളായ രണ്ട് സേവനങ്ങളെ വാങ്ങാനുള്ള ഈ നീക്കം വിപണി മേധാവിത്വം നേടാനായിരുന്നുവെന്നാണ് കേസ് ആരോപിക്കുന്നത്. ഇത്തരം ഏറ്റെടുക്കലുകൾ കുറ്റമറ്റതായിരിക്കണമെന്ന് ഫെഡറൽ സ്റ്റേറ്റ് റെഗുലേറ്റർമാർ പറഞ്ഞു. ഇതുവഴി വർഷങ്ങൾക്ക് മുമ്പ് നടന്ന ഇടപാടുകൾ ഫെഡറൽ ട്രേഡ് കമ്മീഷൻ പിൻവലിക്കാനും സാധ്യതയുണ്ട്. ഇതുവഴി ഏറ്റെടുത്ത രണ്ട് സേവനങ്ങളേയും ഫെയ്സ്ബുക്കിന് കയ്യൊഴിയേണ്ടി വന്നേക്കാം. ചെറിയ എതിരാളികളെ നശിപ്പിക്കാനും മത്സരമില്ലാതാക്കാനും ഒരു ദശാബ്ദക്കാലത്തോളം ഫെയ്സ്ബുക്ക് അതിന്റെ മേധാവിത്വവും കുത്തകാധികാരവും ഉപയോഗിച്ചു. എല്ലാം ദൈനംദിന ഉപയോക്താക്കളുടെ ചെലവിൽ. എതിരാളികൾ കമ്പനിയുടെ മേധാവിത്വത്തിന് ഭീഷണിയാവും മുമ്പ് കമ്പനി അവയെ ഏറ്റെടുക്കുകയായിരുന്നു. കേസിൽ കക്ഷിചേർന്ന 46 സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് ന്യൂയോർക്ക് അറ്റോർണി ജറൽ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു. അതേസമയം, രാജ്യത്തെ ആന്റിട്രസ്റ്റ് നിയമങ്ങൾ വിജയകരമായ കമ്പനികളെ ശിക്ഷിക്കുന്നതിന് വേണ്ടിയല്ലെന്ന് ഫെയ്സ്ബുക്കിന്റെ അഭിഭാഷക ജെനിഫർ ന്യൂസ്റ്റെഡ് പറഞ്ഞു. വാട്സാപ്പും ഇൻസ്റ്റാഗ്രാമും വിജകരമായത് ഫെയ്സ്ബുക്ക് കോടികൾ നിക്ഷേപിച്ചതിന് ശേഷമാണെന്നും ഒരു വിൽപനയും അന്തിമമല്ലെന്ന മുന്നറിയിപ്പ് നൽകാനാണ് ഭരണകൂടം ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നും അവർ പറഞ്ഞു.
Post a Comment