ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്ട്രേഷൻ കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് fake registration car

News....
വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെട്ടാൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്ട്രേഷൻ കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പുതുച്ചേരി രജിസ്ട്രേഷൻ ആഡംബര കാറുകളുടെ കാര്യത്തിൽ സിംഗിൾബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ നൽകിയ നാല്പതോളം അപ്പീലുകളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കേരളത്തിന് അന്വേഷിക്കാനും വ്യാജരേഖയെന്ന വിവരം ആദ്യ രജിസ്റ്ററിങ് അധികാരിയെ അറിയിക്കാനുമേ അധികാരമുള്ളൂ എന്ന സിംഗിൾബെഞ്ചിന്റെ നിഗമനം ശരിയല്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വ്യാജ വിലാസമോ വിവരമോ നൽകിയാണ് ആദ്യ രജിസ്ട്രേഷൻ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ രാജ്യത്തെ ഏത് രജിസ്റ്ററിങ് അതോറിറ്റിക്കും അത് റദ്ദാക്കാനധികാരമുണ്ട്. റദ്ദാക്കിയ ശേഷം അക്കാര്യം ആദ്യ രജിസ്ട്രേഷൻ അതോറിറ്റിയെ അറിയിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും രജിസ്റ്ററിലെ എൻട്രിയും റദ്ദാക്കേണ്ടത് ആദ്യ രജിസ്ട്രേഷൻ അതോറിറ്റിയാണെന്ന് ഡിവിഷൻബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. വിലാസമുൾപ്പെടെ വിവരങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടാണ് പുതുച്ചേരിയിലെ അധികൃതർ വാഹനം രജിസ്റ്റർ ചെയ്തുതന്നതെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. അത് തെറ്റാണെന്ന് രാജ്യത്തെ മറ്റേതെങ്കിലും രജിസ്റ്ററിങ് അധികാരിക്ക് പറയാനാവില്ലെന്നും വാദിച്ചു. രജിസ്റ്റർ ചെയ്യുമ്പോൾ അന്നത്തെ വിവരം വിലയിരുത്തിയാവും അത് നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യ രജിസ്ട്രേഷൻ കഴിഞ്ഞാൽ വാഹനം രാജ്യത്തെവിയെയും ഓടിക്കാം. എന്നാൽ സാധാരണഗതിയിൽ വാഹനം ആദ്യം രജിസ്റ്റർ ചെയ്ത സ്ഥലത്താണ് സ്ഥിരമായി ഉപയോഗിക്കേണ്ടതും സൂക്ഷിക്കേണ്ടതും. വാഹന ഉടമയുടെ വീടോ ജോലിസ്ഥലമോ കേരളത്തിലാണെങ്കിൽ വാഹന ഉപയോഗവും നിർത്തിയിടലും കേരളത്തിലാവും. ആദ്യ രജിസ്ട്രേഷൻ നടത്തിയ പുതുച്ചേരിയിൽ രജിസ്ട്രേഷൻ രേഖയിൽ പറയുംപ്രകാരമുള്ള വീടോ ബിസിനസ്സോ ഇല്ലെന്ന് വ്യക്തമായാൽ കേരളത്തിലെ രജിസ്റ്ററിങ് അധികാരിക്ക് വാഹന രജിസ്ട്രേഷൻ റദ്ദാക്കാമെന്നാണ് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷൻ ഫീസ് കുറവായതിനാൽ ആഡംബര കാറുകൾ ഉടമകൾ അവിടെ രജിസ്റ്റർ ചെയ്യുന്ന പതിവുണ്ട്. അവിടെയാണ് താമസമെന്നോ ബിസിനസ്സെന്നോ ഉള്ള വ്യാജ രേഖയുടെ അടിസ്ഥാനത്തിലാവും അത്. അങ്ങനെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാൻ കേരളത്തിൽ നടപടിയാരംഭിച്ചിരുന്നു. അതിനായി വിവിധ ജില്ലകളിലെ രജിസ്റ്ററിങ് അതോറിറ്റികൾ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് വാഹന ഉടമകൾ നൽകിയ ഹർജിയിലായിരുന്നു ഇതര സംസ്ഥാന രജിസ്ട്രേഷൻ റദ്ദാക്കാൻ കേരളത്തിന് അധികാരമില്ലെന്ന സിംഗിൾബെഞ്ചിന്റെ നിഗമനം. 

Post a Comment

Previous Post Next Post