നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം |  നെയ്യാറ്റിന്‍കരയില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍. മരിച്ച ദമ്പതികളുടെ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

പോലീസിനെതിരെ മരിച്ചവരുടെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.

മരിച്ച ദമ്പതിമാരുടെ അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി നാലാം തിയ്യതിവരെ സാവകാശം നല്‍കികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യ്ക്കും പൊള്ളലേറ്റത്.

പോലീസിനോട് രാജന്‍ സാവകാശം ചോദിച്ചുവെങ്കിലും നല്‍കിയില്ല. കൂടാതെ പോലീസിനോടൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. തുടങ്ങിയ ആരോപണങ്ങളാണ് പോലീസിനെതിരെ ഉയരുന്നത്. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തല്‍.

Post a Comment

Previous Post Next Post