ഔഫിന്റെ കൊലപാതകം നിര്‍ഭാഗ്യകരം; അക്രമികളെ സംരക്ഷിക്കില്ല: കെ പി എ മജീദ്

മലപ്പുറം :
കാസര്‍കോട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തിയ സംഭം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. സംഭവത്തെ ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. അക്രമികള്‍ ആരാണെന്ന് അറിയില്ല. മുസ്ലിം ലീഗ് അക്രമികളെ സംരക്ഷിക്കില്ലെന്നും കെ പി എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശികമായി നിലനിന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ പ്രശ്‌നങ്ങള്‍ നേരത്തെ പറഞ്ഞുതീര്‍ത്തതാണ്. പിന്നീട് എങ്ങിനെ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന് അറിയില്ല. രാത്രിയായതിനാല്‍ ആരാണ് കൊലപാതകം നടത്തിയതെന്നത് സംബന്ധിച്ച് പ്രാദേശിക ലീഗ് നേതൃത്വത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ചുവരികയാണെന്നും മജീദ് പറഞ്ഞു.

അക്രമത്തെ കുറിച്ച് ലീഗ് അന്വേഷണം നടത്തുന്നുണ്ട്. പോലീസും അന്വേഷണം ആരംഭിച്ചിരിക്കുയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും മജീദ് പറഞ്ഞു.

Post a Comment

Previous Post Next Post