
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടത് മുന്നണിവിടാനൊരുങ്ങി എൻസിപി. പാലാസീറ്റ് വിട്ടുകൊടുക്കാത്തതിലെ എതിർപ്പും തദ്ദേശതെരഞ്ഞെടുപ്പിൽ വേണ്ടത്ര പരിഗണന നൽകാത്തതുമാണ് മുന്നണിവിടാൻ എൻസിപി തയ്യാറെടുക്കുന്നത്. മുന്നണിപ്രവേശം സംബന്ധിച്ച് എൻസിപി യുഡിഎഫുമായി ചർച്ചകളും ആരംഭിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ ഇടതുപക്ഷവുമായി കൊമ്പ് കോര്‍ക്കുന്ന എന്‍സിപി യുഡിഎഫിലേക്കെന്ന സന്ദേശമാണ് നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫില്‍ പാല സീറ്റിനെ ചൊല്ലി കലഹം എൻസിപിയും ഇടത്പക്ഷവും തമ്മിൽ ആരംഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി പാലായില്‍ ഇടത്പക്ഷത്തിന് വിജയം നേടിക്കൊടുത്തത് എന്‍സിപിയുടെ മാണി സി കാപ്പനായിരുന്നു. എന്നാല്‍ എന്‍സിപിയെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന് പരിഗണന നല്‍കിയാണ് ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതാണ് എൻസിപി മുന്നണി വിടുന്നതിലെ പ്രധാനകാരണം.
തെരഞ്ഞെടുപ്പിൽ സീറ്റ് കുറച്ചതും പ്രതിഷേധത്തിന് ഇടയാക്കി. കേരള കോൺഗ്രസിന് വേണ്ടി പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് എൻസിപി കേരള ഘടകത്തിനു ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ നിർദേശം നൽകി. സിപിഎം ബലം പ്രയോഗിച്ച് പാലാ സീറ്റ് ഏറ്റെടുത്താൽ മുന്നണി വിടുന്നതടക്കം ആലോചിക്കാൻ മടിക്കേണ്ടെന്നും കേരളത്തിലെ നേതാക്കൾക്ക് ശരദ് പവാർ നിർദേശം നൽകിക്കഴിഞ്ഞു. പാലാ സീറ്റിനു പകരമായി രാജ്യസഭാ സീറ്റോ പൂഞ്ഞാർ, പേരാമ്പ്ര, ഇരിക്കൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നോ നൽകാനുള്ള നീക്കവും മുന്നണിക്കുള്ളിൽ നടക്കുന്നുണ്ട്.
എന്നാൽ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് എൻസിപി കേരളാ ഘടകത്തിനുള്ളത്. മുന്നണിവിട്ട് യുഡിഎഫിലേക്ക് എൻസിപിയെ ക്ഷണിച്ചുളള ചർച്ചകളും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എൻസിപി വേദികളിൽ ഉമ്മൻചാണ്ടി എത്തിയതും ഇത്തരം നീക്കത്തിന്റെ ഭാഗമായാണ്.
إرسال تعليق