ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നു; ലോകത്ത് പുതിയ പ്രതിസന്ധി
ലോകത്തിന് തലവേദനയായി ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്. നിലവിലുള്ളതിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപന ശേഷി പുതിയ വൈറസിന് ഉണ്ടെന്നാണ് കണ്ടെത്തൽ. നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ബ്രിട്ടൻ. ഇതോടെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങൾ ഓരോന്നായി ബ്രിട്ടണിലേക്കുള്ള യാത്രാ ബന്ധം നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ വൈറസ് കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാൻ ശേഷിയുള്ളതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയതോടെയാണ് ലോകം കൂടുതൽ ജാഗ്രത പുലർത്തിത്തുടങ്ങിയത്. രാജ്യത്തെ സ്ഥിതി നിയന്ത്രണാതീതമാണെന്നും അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്കും വ്യക്തമാക്കി. യു.കെയിൽ പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ, നെതൽലാൻഡ്സ്, കാനഡ, സൗദി അറേബ്യ, കുവൈത്ത്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ രാജ്യങ്ങൾ വിലക്കുമായി മുന്നോട്ടു വരുന്നു. ബ്രിട്ടണിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് വന്നവർക്ക് പല രാജ്യങ്ങളും നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള നിയോ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്. സെല്ലുകളെ ആക്രമിക്കാനുള്ള ശേഷി കൂടുതലാണ് പുതിയവക്ക്. പടർന്നു പിടിക്കാനുള്ള ശേഷം പഴയതിനേക്കാൾ 70 ശതമാനം കൂടുന്നതോടെ പുതിയ വൈറസ് വളരെ പെട്ടെന്ന് പഴയ വൈറസിന് പകരക്കാരനാകുമെന്നും അവർ പറയുന്നു. എന്നാൽ പുതിയത് കൂടുതൽ ആളപായമുണ്ടാക്കുന്നവയാണോ എന്ന കാര്യത്തിൽ തെളിവില്ല. നിലവിൽ അംഗീകാരം നൽകിയ വാക്സിനുകൾ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. മഹാമാരിയുടെ കടന്നു വരവിന്റെ ഒന്നാം വാർഷിക വേളയിലാണ് മ്യൂട്ടേഷൻ വന്ന പുതിയ വൈറസ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Post a Comment