തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ വന്ന് ആൾകൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഗുരുതരമായ ചട്ട ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ പരാതികൾ മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്. ഇവയൊക്കെ കൃത്യസമയത്ത് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പരിഹരിക്കുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മീഷനോട് സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പ്രചാരണപ്രവർത്തനങ്ങൾ നടന്നത്. ചെറിയ ചില ലംഘനങ്ങൾ ഉണ്ടായത് ജില്ലാ കളക്ടർ ഇടപെട്ട് പരിഹരിക്കും. തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വോട്ടിങ് മെഷിനിൽ സ്ഥാനാർഥികളെ ക്രമമനുസരിച്ച് രേഖപ്പെടുത്തുന്നത് പൂർത്തിയായി. ഏഴാം തിയതി പോളിങ് സാമഗ്രികൾ വിതരണം ചെയ്യും. ഇതിനോടൊപ്പം തന്നെ ഉദ്യോഗസ്ഥർക്കുള്ള മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യും. കോവിഡ് പോസിറ്റിവായവർ, ക്വാറന്റീനിൽ ഉള്ളവർ എന്നിവരുടെ പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നുമണിവരെ തയ്യാറാക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കൊക്കെ തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ബാലറ്റ് പേപ്പർ അവരുടെ അടുത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നിന് ശേഷം കോവിഡ് പോസിറ്റിവാകുകയോ ക്വാറന്റീനിൽ ആകുകയോ ചെയ്യുന്നവർക്ക് പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാൻ അനുവാദമുണ്ടാകും. ഇവർ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തണം. സാധാരണ വോട്ടർമാർ എല്ലാവരും വോട്ട് ചെയ്തതിന് ശേഷം ഇവർക്ക് വോട്ട് ചെയ്യാം. ഇവർ ബൂത്തിനുള്ളിൽ കയറുന്നതിന് മുമ്പ് പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഇവർക്കുള്ള പിപിഇ കിറ്റ് ആരോഗ്യ വകുപ്പുന്റെ സഹായത്തോടെ വിതരണം ചെയ്യും. പോളിങ്ങിനായി ഉപയോഗിക്കുന്ന പിപിഇ കിറ്റുൾപ്പെടെയുള്ള മാലിന്യങ്ങൾ അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യുന്നവർ പോളിങ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കണം. ഇതിനായി സാനിറ്റൈസർ നൽകാൻ ഒരാളെ നിയോഗിക്കും. വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം കൂടുതൽ ഉള്ളതിനാൽ വോട്ട് ചെയ്യാൻ ആളുകൾ അധികം കൂട്ടം കൂടിനിൽക്കേണ്ട സാഹചര്യം കുറയും. 34810 പോളിങ് ബൂത്തുകളാണ് ഉള്ളത്. അതിനാൽ തന്നെ വലിയ ക്യൂ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 1850 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇവിടങ്ങളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. മറ്റ് സ്ഥലങ്ങളിലും ഇതേപോലെ പ്രശ്നബാധിതമെന്ന റിപ്പോർട്ട് കിട്ടുകയാണെങ്കിൽ അവിടെ വീഡിയോ ചിത്രീകരണം ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത് കണ്ണൂരാണ്. 785 ബൂത്തുകളാണ് ഇവിടെ പ്രശ്നബാധിതമെന്ന് റിപ്പോർട്ട് കിട്ടിയിട്ടുള്ളത്. ബാക്കിയുള്ളിടത്തൊക്ക കുറവാണ്. ആദ്യ ഘട്ടത്തിൽ അഞ്ച് ജില്ലകളിലേതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസ് സംഘത്തെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിക്കും.
Post a Comment