സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
നേരത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്‌ദേശം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടത്. പകരം സൗദി ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും നിയമിക്കും. പ്രധാന വാണിജ്യ സമുച്ചയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സികള്‍ക്ക് സൗദി ഇമാമുമാരെയും മറ്റും നിയമിക്കുവാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു
അതേസമയം നിരവധി വാണിജ്യ സമുച്ചയങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ പ്രാര്‍ത്ഥനാ ഹാളുകളില്‍ ഇമാമുമാരായി അടക്കം നിയമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ ഹാളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേകം ഏന്‍സികളൊന്നുമില്ല. ഇത് വിശുദ്ധ ഖുര്‍ആന്‍ പകര്‍പ്പുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കാതെ വരികയും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലഘുലേഖകള്‍ വിതരണത്തിനുള്ള സാഹചര്യമുണ്ടാകുമെന്നുള്ള വിലയിരുത്തലുണ്ട്.
നിര്‍ദേശങ്ങള്‍ അനുസരിച്ച, വാണിജ്യ സമുച്ചയങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇമാമുകളെയും ബാങ്കുവിളിക്കുന്നവരെയും തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇസ്ലാമിക കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഏകോപനം നടത്തണം. നിയമപരമായ പ്രക്രിയയില്‍ ഈ സമുച്ചയങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ കൂടിയാലോചനകളും നടത്തണം. അതോടൊപ്പം സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കണം.
Post a Comment