രണ്ടാംഘട്ടത്തില്‍ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കൊച്ചി | തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലേത് പോലെ കനത്ത പോളിംഗാണ് രണ്ടാംഘട്ടത്തിലും പ്രതീക്ഷിക്കപ്പെടുന്നത്. പോളിംങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും. വൈകിട്ടോടെ ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലെത്തും. നാളെ രാവിലെ ആറിന് നടക്കുന്ന മോക്ക് പോളിംഗിന് ശേഷം കൃത്യം ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.

350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. 98,56,943 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. 98 ട്രാന്‍സ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ഇതിനായി 12,643 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും ഏര്‍പ്പെടുത്തി. അഞ്ച് ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ പോയവര്‍ക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷനിലെ 47-ാം ഡിവിഷന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.

 

Post a Comment

Previous Post Next Post