തൃശൂര്‍ | സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ ജിഗീഷിനെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് രൂപവത്ക്കരിച്ച പ്രത്യേക സംഘമാണ് അന്നമനയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതിയെ പിടികൂടിയത്.
2019 ലെ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതുക്കാട് പോലീസ് എടുത്ത കേസ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. ജിഗീഷിന്റെ സംഘത്തില്‍പെട്ട ഒരാള്‍ ക്രെയിന്‍ സര്‍വീസ് ഉടമസ്ഥനെ കാണുകയും തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ജിഗീഷ് ജഡ്ജി ചമഞ്ഞ് ബെന്‍സ് കാറില്‍ ടോള്‍ പ്ലാസക്ക് സമീപമെത്തി. ആദ്യ ഗഡുവായി അഞ്ചര ലക്ഷം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.
പിന്നീട് മറ്റൊരു ദിവസം ടോള്‍ പ്ലാസക്ക് സമീപത്ത് വച്ച് തന്നെ ബാക്കി ഏഴ് ലക്ഷം കൂടി വാങ്ങി. ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓര്‍ഡര്‍ കൈയില്‍ കിട്ടുമെന്ന് അറിയിച്ചു. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും വിവരമൊന്നും കിട്ടാതെ വന്നപ്പോള്‍ ക്രെയിന്‍ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
Post a Comment