ആലപ്പുഴ: ആലപ്പുഴയിൽ ഓട്ടോറിക്ഷയും ടോറസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ സജീവാണ് മരിച്ചത്. കോട്ടയം പള്ളം നെടുംപറമ്പ് സ്വദേശിയാണ് സജീവ്. ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ലീലാമ്മ. പള്ളാത്തുരുത്തി ഒന്നാം പാലത്തിന് സമീപമായിരുന്നു അപകടം.
ആക്രി സാധനങ്ങളുമായി മുന്നിൽ പോയ വാഹനത്തിൽ നിന്നും ടാർപോളിൻ പറന്ന് വന്ന് ഓട്ടോറിക്ഷയുടെ മുകളിൽ വീണതാണ് അപകട കാരണം. വാഹനത്തിന്റെ നിയന്ത്രണം തെറ്റി ടോറസിലിടിക്കുകയായിരുന്നു. ടാർപോളിൻ വീണതോടെ ഡ്രൈവറുടെ കാഴ്ച്ച മറയുകയും ഓട്ടോറിക്ഷയുടെ നിയന്ത്രണം വിടുകയുമായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് ഇരുവരെയും ലോറിക്കടിയിൽ നിന്നും പുറത്തെടുത്തത്.
Post a Comment