ചെന്നൈ | ചെന്നൈയില്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. പോലീസ് എത്തിയപ്പോള്‍ അമിത് ഷായുടെ ഓഫീസിനെ അറിയിച്ച് ജോലി കളയിക്കുമെന്നും ഭീഷണി.
ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കര്‍ ഹോട്ടലില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കട അടക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാര്‍ എത്തി ചിക്കന്‍ ഫ്രൈഡൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ഇവര്‍ മടങ്ങാനൊരുങ്ങിയതോടെ ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.
ഹോട്ടലുടമ അറിയിച്ചതനുസരിച്ച് എത്തിയ പോലീസിനേയും ഇവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാന്‍ സ്വാധീനം ഉണ്ടെന്നും ജോലി കളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയില്‍ പോലീസ് വഴങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. അതേ സമയം സംഭവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം
Post a Comment