ബെംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെന്നാർഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകൻ രാമു(45) എന്നിവർ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇരുവരും ചേർന്ന് ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെ ജീവനക്കാരനായ രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂൺ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം അഴുകിയനിലയിൽ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാൽ പോലീസ് മൃതദേഹം മറവുചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീർന്നാൽ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരൻ പോലീസിൽ പരാതി നൽകാനൊരുങ്ങിയെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു. മാസങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കൾക്ക് മനസിലായത്. ഇതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ ശിവലിംഗ വീടിനടുത്ത റോഡരികിലാണ് ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാർഗട്ടയിൽ പുതിയ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേർന്നാണ് നാട്ടിലെ ഭക്ഷണശാല നോക്കിനടത്തിയത്. ഈ സമയം ഇരുവരും തമ്മിൽ അടുപ്പത്തിലായി. ലോക്ക്ഡൗൺ വന്നതോടെ ബെന്നാർഗട്ടയിൽനിന്ന് ശിവലിംഗ നാട്ടിൽ തിരിച്ചെത്തി. ഭാര്യയും ജീവനക്കാരനും തമ്മിലുള്ള ബന്ധമറിഞ്ഞതോടെ ദമ്പതിമാർക്കിടയിൽ തർക്കങ്ങളും പതിവായി.
ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. ആറ് മാസത്തോളം ആർക്കും സംശയമില്ലാത്തരീതിയിൽ ഇവർ കൊലപാതകവിവരം മറച്ചുവെയ്ക്കുകയും ചെയ്തു. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടർന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികൾ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment