ഭോപാല്‍ | മധ്യപ്രദേശിലെ ഉമരിയ ജില്ലയില്‍ പതിമൂന്നുകാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. അഞ്ച് ദിവസത്തിനിടെ മൂന്ന് തവണയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. പരിചയക്കാരനായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ജനുവരി അഞ്ചിന് സംഭവത്തിനു ശേഷം കുട്ടിയെ വിട്ടയക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആറു ദിവസത്തിനു ശേഷം ജനുവരി 11ന് സംഘത്തില്‍ പെട്ട ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വനത്തിനുള്ളില്‍ തടവിലാക്കുകയും തുടര്‍ന്ന് മൂന്നു പേരെത്തി വീണ്ടും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇവിടെയും ക്രൂരത അവസാനിച്ചില്ല. കൃത്യത്തിനു ശേഷം വിട്ടയച്ചതിനു പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി 15ന് വെള്ളിയാഴ്ച അതിരാവിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പോസ്‌കോയും ഐ പി സിയുടെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വക്താവ് അരവിന്ദ് തിവാരി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ
നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ച നീളുന്ന പൊതു ബോധവത്കരണ പരിപാടി നടത്തിവരുന്നതിനിടെയാണ് സംഭവം. ‘സമ്മാന്‍’ (ബഹുമാനം) എന്ന പേരിലാണ് ബോധവത്കരണം നടക്കുന്നത്. കഴിഞ്ഞ ആറു ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Post a Comment